SignIn
Kerala Kaumudi Online
Friday, 23 October 2026 7.58 AM IST

രുചിക്കൂട്ടുകളുടെ മധുരത്തെരുവ്

murukkuu

വിഴിഞ്ഞം: നാവിൽ വെള്ളമൂറുന്ന നെയ്യപ്പത്തിന്റെയും തിളച്ച എണ്ണയിൽ കിടന്ന് മൊരിയുന്ന മുറുക്കിന്റെയും വാസന നിറഞ്ഞുനിൽക്കുന്ന പലഹാരത്തെരുവ്.പ ള്ളിച്ചൽ - പുന്നമൂടിനും വെടിവച്ചാൻകോവിലിനും മദ്ധ്യേയാണ് ഈ തെരുവുള്ളത്.

പരമ്പരാഗതമായ പലഹാരങ്ങൾ ചൂടാറും മുൻപ് ഇവിടെ നിന്ന് കിട്ടും.തെരുവിലെ 50 ഓളം കുടുംബങ്ങളാണ് പലഹാരങ്ങളുണ്ടാക്കി വിൽക്കുന്നത്.അരനൂറ്റാണ്ടിലേറെയായി ഇവിടുത്തെ രുചിക്കൂട്ട് മലയാളികളുടെ നാവിലുണ്ട്.

വിവാഹദിനത്തിൽ മറുവീട് കാണൽ മുതൽ ഏഴാം മാസം അല്ലെങ്കിൽ ഒൻപതാം മാസം അറിയിപ്പ് ചടങ്ങുവരെയുള്ള ആവശ്യങ്ങൾക്ക് മുറുക്കും പലഹാരങ്ങളും ഇവിടെ ഓർഡർ അനുസരിച്ച് ചെയ്തുകൊടുക്കും.

മുന്തിരിക്കൊത്തും അച്ചപ്പവും

മുറുക്ക് കൂടാതെ ഇവിടുത്തെ പ്രധാന പലഹാരമാണ് മുന്തിരിക്കൊത്തും അച്ചപ്പവും.അരിമാവ്,ഉഴുന്ന്,എള്ള്,ഓമം, ജീരകം തുടങ്ങിയവ ചേർത്താണ് മുറുക്കുണ്ടാക്കുന്നത്.യാതൊരുവിധ നിറങ്ങളും ചേർക്കാറില്ല.മാധുര്യമേറിയ മുന്തിരിക്കൊത്തിൽ അരിപ്പൊടിക്കൊപ്പം പയറും ശർക്കരയുമാണ് ചേർക്കുന്നത്.ഇവ കൂടാതെ നെയ്യപ്പം,പക്കാവട,മധുരസേവ തുടങ്ങി എരിവും മധുരവുമുള്ള പതിനഞ്ചോളം പലഹാരങ്ങൾ ഓർഡറനുസരിച്ച് ഉണ്ടാക്കിക്കൊടുക്കും.7പിരി,5 പിരി തുടങ്ങിയ അളവിലാണ് മുറുക്ക് നിർമ്മാണം.ഇതിനൊപ്പം മുള്ളുമുറുക്കും ഉണ്ടാക്കും.നല്ല കൈവഴക്കം വേണ്ടിവരുന്ന ജോലിയാണ് മുറുക്ക് ചുറ്റ്.

പാരമ്പര്യ കൈത്തൊഴിൽ

50 വർഷത്തിലേറെയായി ഇവിടെ പലഹാരങ്ങൾ നിർമ്മിച്ചുതുടങ്ങിയിട്ട്.സ്ത്രീകളാണ് ഉണ്ടാക്കുന്നത്. മുൻകാലങ്ങളിൽ പുലർച്ചെ മുതൽ തുടങ്ങിയിരുന്ന പലഹാരനിർമ്മാണം ഇപ്പോൾ ഓർഡർ അനുസരിച്ചുമാത്രമായി ചുരുങ്ങി.മെഷീൻ നിർമ്മിത പലഹാരങ്ങളും ബേക്കറികളും കൂടിയതോടെ ചില്ലറ വ്യാപരം കുറഞ്ഞുവെന്ന് കച്ചവടക്കാർ പറയുന്നു. കൂടാതെ പുതുതലമുറ ഈ തൊഴിലിലേക്ക് വരുന്നില്ല.

വലിയ മുറുക്ക് ഒന്നിന് - 15 രൂപ

ചെറുതിന് - 10 രൂപ

നെയ്യപ്പം - 10 രൂപ

മുന്തിരിക്കൊത്ത് - 7 രൂപ

ഒരു കിലോ മാവിൽ നിന്ന് 15 മുതൽ 20വരെ മുറുക്ക് ഉണ്ടാക്കാൻ കഴിയും.കുടുംബാംഗങ്ങൾക്ക് പുറമെ തൊഴിലാളികളുമുണ്ടാകും. ഇവർക്ക് മാവിന്റെ അളവ് അനുസരിച്ചാകും കൂലി നൽകുന്നത്.

പരമ്പരാഗത പലഹാര നിർമ്മാണ തൊഴിലാളികളുടെ തൊഴിൽ സംരക്ഷണത്തിനുവേണ്ട നടപടികൾ സ്വീകരിക്കണം.

ദീപ,പലഹാര നിർമ്മാണത്തൊഴിലാളി, ശ്രീഭദ്ര മുറുക്കുകട

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL