തിരുവനന്തപുരം: കേരളത്തിന് അകത്തും പുറത്തുമായി വിവിധ സ്കൂളുകളിൽ അദ്ധ്യാപകരുടെ ഒഴിവുണ്ടെന്ന് ഒ.എൽ.എക്സ് വഴി പരസ്യം നൽകി പണം തട്ടിയ പ്രതി പിടിയിൽ. പത്തനാപുരം സ്വദേശി ജോൺ വർഗീസാണ് ഫോർട്ട് പൊലീസിന്റെ പിടിയിലായത്.
പരസ്യം കണ്ട് സമീപിക്കുന്നവരെ ജില്ലകളിലെ പല സ്കൂളിലും ഒഴിവുകളുണ്ടെന്നുപറഞ്ഞ് വിശ്വസിപ്പിക്കും. തുടർന്ന് ഇന്റർവ്യൂവിന് മുമ്പായി 500 മുതൽ 1000 രൂപ വരെ ഏജന്റ് ഫീ നൽകണമെന്നുപറഞ്ഞ് ഗൂഗിൾപേ വഴി കാശ് തട്ടുകയാണ് രീതി. കൂടുതലും സ്ത്രീകളാണ് കബളിക്കപ്പെട്ടത്. ഗോകുൽരാജ് എന്ന വ്യക്തിയുടെ ഭാര്യയെ ഇത്തരത്തിൽ കബളിപ്പിച്ചതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇയാൾ കുറച്ചുദിവസങ്ങളായി തിരുവനന്തപുരം ജില്ലയിലെ പലയിടങ്ങളിലുള്ള ആളുകളെ ഇത്തരത്തിൽ കബളിപ്പിച്ചതായി കണ്ടെത്തി. ഇടപാടുകൾ നടത്തുന്നതിന് തന്റെ അക്കൗണ്ടോ ഗൂഗിൾ പേയോ ഉപയോഗിക്കാതെ ഏതെങ്കിലും കടകളിലെ ക്യു.ആർ കോഡ് ആയിരിക്കും നൽകുക. തന്റെ കൈയിലെ കാശ് തീർന്നുപോയെന്നും കടകളിലെ ക്യു ആർ കോഡ് നൽകിയാൽ കാശ് അക്കൗണ്ടിൽ വരുമ്പോൾ തന്നാൽ മതിയെന്ന് കടക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ച് അക്കൗണ്ടിലേക്ക് കാശ് അയപ്പിച്ച് കൈപ്പറ്റുകയായിരുന്നു പതിവ്. ഇത്തരത്തിൽ തകരപ്പറമ്പിലെ ഒരു ഷോപ്പിൽ നിന്നും സമാന രീതിയിൽ കാശ് കൈപ്പറ്റി. പിറ്റേ ദിവസവും ഇതേ ഷോപ്പിനെ സമീപിച്ചപ്പോഴാണ് ഫോർട്ട്പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടിയത്. ചെറിയ തുകയായതിനാൽ പലരും പരാതിപ്പെടാത്തതാണ് ഇയാൾ തട്ടിപ്പ് തുടരാൻ കാരണമായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |