
തൃശൂർ : തൃശൂർ സ്വദേശിയെ ഫേസ് ബുക്ക് പേജിൽ സ്റ്റോക്ക് മാർക്കറ്റിലൂടെ ലാഭം ഉണ്ടാക്കാമെന്ന പരസ്യങ്ങളിലൂടെ ആകൃഷ്ടനാക്കി 2.12 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ തമിഴ്‌നാട് കാഞ്ചിപുരം ഹനുമന്തപുരം സ്വദേശിയെ തൃശൂർ സിറ്റി പൊലീസ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം പിടികൂടി.
വീരഭദ്രസ്വാമി നഗറിലെ ജി.ശരവണകുമാർ (40) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ട്രേഡിംഗിലൂടെ മികച്ച ലാഭം നേടാം എന്ന വാഗ്ദാനവുമായി തൃശൂർ സ്വദേശിയായ പരാതിക്കാരന് ഫേസ് ബുക്കിലൂടെ ഒരു ലിങ്ക് അയച്ചു നൽകുകയായിരുന്നു. പിന്നീട് വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ ട്രേഡിംഗ് ടിപ്‌സ് സഹിതം മികച്ച ലാഭം നേടാം എന്നു വിശ്വസിപ്പിച്ച് വിവിധ ഘട്ടങ്ങളിലായി പരാതിക്കാരനിൽ നിന്ന് പണം വിവിധ അക്കൗണ്ടിലേക്ക് അയപ്പിക്കുകയായിരുന്നു.
ട്രേഡിംഗിലെ ലാഭമോ അയച്ച പണമോ ലഭിക്കാതെയായപ്പോൾ പരാതിക്കാരന് തട്ടിപ്പാണെന്ന് മനസിലാക്കി പരാതി നൽകുകയായിരുന്നു. പ്രതിയുടെ പേരിൽ വിവിധ സംസ്ഥാനങ്ങളിലായി 26 ഓളം പരാതികളുണ്ടെന്ന് അറിവായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് കമ്മിഷണർ സുഷീറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ജയപ്രദീപ്, റഷീദ് അലി, സുധീപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |