നെയ്യാറ്റിൻകര: മത്സരങ്ങൾ പൂർത്തിയാകുന്നതിന് മുമ്പേ മെഡിക്കൽ സംഘവും ആംബുലൻസ് ഡ്രൈവറും സ്ഥലംവിട്ടതോടെ വേദിയിൽ കുഴഞ്ഞുവീണ കുട്ടികളുമായി രക്ഷിതാക്കളുടെ പരക്കംപാച്ചിൽ. മുഖ്യവേദിയായ നെയ്യാറ്റിൻകര ഗവ. ബോയ്സ് എച്ച്.എസ്.എസിലായിരുന്നു മെഡിക്കൽ വിഭാഗത്തിന്റെ കടുത്ത അനാസ്ഥ. കഴിഞ്ഞദിവസം വൈകിട്ട് 6.30ന് നിശ്ചയിച്ചിരുന്ന എച്ച്.എസ് വിഭാഗം തിരുവാതിര ആരംഭിച്ചത് രാത്രി ഒമ്പതിനായിരുന്നു.മേക്കപ്പിട്ട് നാലുമണിമുതൽ കാത്തിരുന്ന കുട്ടികളിൽ പലരും തളർന്നു.രാത്രി 10.30ഓടെയാണ് കിളിമാനൂർ ആർ.ആർ.വി ജി.എച്ച്.എസിലെ വിദ്യാർത്ഥികൾക്ക് സ്റ്റേജിലെത്താനായത്. മത്സരം പൂർത്തിയായതും സംഘത്തിലെ അഭിരാമി വേദിയിൽ കുഴഞ്ഞുവീണു. വെള്ളം തളിച്ചിട്ടും ബോധം വന്നില്ല.രക്ഷിതാക്കൾ മെഡിക്കൽ സംഘത്തെ തേടി പാഞ്ഞു. അപ്പോഴാണ് മെഡിക്കൽ സംഘവും ആംബുലൻസ് ഡ്രൈവറും മടങ്ങിയെന്ന വിവരമറിയുന്നത്. കുട്ടിക്ക് അടിയന്തര ചികിത്സ ആവശ്യപ്പെട്ടെങ്കിലും വേദിയുടെ ചുമതലയുണ്ടായിരുന്ന അദ്ധ്യാപകരും കൈയൊഴിഞ്ഞതായി പരാതിയുണ്ട്. മറ്റൊരു സ്‌കൂളിൽ നിന്നെത്തിയ രക്ഷിതാവിന്റെ കാറിലാണ് കുട്ടിയെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.തുടർന്ന് എച്ച്.എസ്.എസ് വിഭാഗം തിരുവാതിരയ്ക്കിടയിലും കുട്ടികൾ കുഴഞ്ഞുവീഴുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു.സംഘാടകരുടെ അനാസ്ഥക്കെതിരെ രക്ഷിതാക്കൾ ഡി.ഡി.ഇക്ക് പരാതി നൽകി.മത്സരം പൂർത്തിയാകുന്നതുവരെ വേദികളിൽ ഉണ്ടായിരിക്കാൻ മെഡിക്കൽ സംഘത്തിന് നിർദ്ദേശം നൽകിയതായി ഡി.ഡി.ഇ സുബിൻ പോൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |