
തിരുവനന്തപുരം: ഡിറ്റക്ടീവ്, കവർച്ചാനോവലുകൾ വായിച്ച പ്രചോദനത്തിൽ ബാങ്ക് കവർച്ചയ്ക്ക് ഇറങ്ങിത്തിരിച്ച പ്രതി കുടുങ്ങി. എന്നാൽ ബാങ്ക് കവർച്ച സഫലമായതുമില്ല, ഒടുവിൽ പിടിക്കപ്പെടുകയും ചെയ്തു. കണ്ണമ്മൂല കെ.ആർ.എ (സി 78) കളിയൽ വീട്ടിൽ അഭിജിത്തിനെയാണ് (31) കരമന പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18ന് രാത്രിയായിരുന്നു സംഭവം. കരമന കൽപ്പാളയം ജംഗ്ഷനിലുള്ള യോഗക്ഷേമ ലോൺസ് ഓഫീസിൽ കവർച്ച നടത്താനാണ് അഭിജിത്ത് ശ്രമിച്ചത്.സി.സി ടിവി ടെക്നീഷ്യനാണ് ഇയാൾ. ഒരു വർഷത്തിന് മുൻപ് പ്രതി ഈ ബാങ്കിൽ നിന്നും ലോണെടുത്തിരുന്നു.ഇതുകൂടാതെ മുൻപ് ബാങ്കിന്റെ മുകളിലത്തെ നിലയിൽ സി.സി ടിവി സ്ഥാപനവും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഈ ബാങ്ക് തന്നെ പ്രതി മോഷണത്തിനായി തിരഞ്ഞെടുത്തത്. സംഭവ ദിവസം പ്രതി റെയിൻകോട്ടും ഹെൽമെറ്റും ധരിച്ച് അർദ്ധരാത്രി ബാങ്കിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി. തുടർന്ന് സി.സി.ടിവി ക്യാമറ ഓഫ് ചെയ്തു. ബാങ്കിന്റെ ലോക്കർ തുറക്കാൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനെ തുടർന്ന് ഉപേക്ഷിച്ച് മടങ്ങി.ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരമന പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.സിറ്റി ഷാഡോ പൊലീസിന്റെ സഹായത്തോടെ കൂടുതൽ സി.സി.ടിവി ക്യാമറകളും പ്രതി സഞ്ചരിച്ച വാഹനവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പൊലീസിന്റെ പിടിയിലായത്. 10 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.ആഡംബര ജീവിതം നയിക്കാനാണ് കവർച്ചാമാർഗം സ്വീകരിച്ചതെന്നാണ് പ്രതിയുടെ മൊഴി. സമാനമായ മറ്റ് കേസുകളിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ പ്രസാദിന്റെ നേതൃത്വത്തിൽ കരമന സി.ഐ അനൂപ്,എസ്.ഐ വിപിൻ,സി.പി.ഒമാരായ ഹരിഷ് ലാൽ,ഹിരൺ,സിറ്റി ഷാഡോ പൊലീസ് ടീം എസ്.ഐ ഉമേഷ്,വിനോദ്,ഷിബി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |