ശംഖുംമുഖം: ചരിത്രപ്രസിദ്ധമായ ബീമാപള്ളി ദർഗാ ഷെരീഫിലെ ഉറൂസിന് ഇന്ന് കൊടിയേറും.രാവിലെ 8ന് ബീമാപള്ളി അസിസ്റ്റന്റ് ഇമാം മാഹീൻ അബൂബക്കർ ഫൈസിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രാരംഭ പ്രാർത്ഥനയ്ക്ക് ശേഷം പള്ളിഅങ്കണത്തിൽ നിന്ന് പുറപ്പെടുന്ന പട്ടണപ്രദക്ഷിണം ബീമാപള്ളി,ജോനക പൂന്തുറ,മാണിക്യവിളകം വഴി 10.30ഓടെ ബീമാപള്ളിയിൽ തിരിച്ചത്തും.
തുടർന്ന് ചീഫ് ഇമാം സെയ്യദ് നജുമുദീൻ പൂക്കോയ തങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന നടക്കും. 11ന് ദുബായിൽ നിന്നെത്തിച്ച പ്രത്യേക ഉറൂസ് പതാക പള്ളി അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ രണ്ട് കൊടിമരങ്ങളിലായി നൂറുകണക്കിന് വരുന്ന ഭക്തജനങ്ങളുടെ തക്ബീർധ്വനികളുടെ അകമ്പടിയോടെ ജമാഅത്ത് പ്രസിഡന്റും ജമാഅത്ത് വൈസ് പ്രസിഡന്റും ഉയർത്തുന്നതോടെ 10 ദിവസം നീണ്ടുനിൽക്കുന്ന ഉറൂസ് മഹാമഹത്തിന് തുടക്കമാകും. പത്ത് ദിവസവും വിവിധ മതപണ്ഡിതന്മാരുടെ നേതൃത്വത്തിൽ മതപ്രഭാഷണങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഉറൂസിനെത്തുന്ന ഭക്തജനങ്ങൾക്കായി കെ.എസ്.ആർ.ടി.സി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രത്യേക സർവീസുകൾ നടത്തും.ശംഖുംമുഖം അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.സി.സി ടിവി ക്യാമറ ഉൾപ്പെടെയുള്ള പ്രത്യേക സുരക്ഷാസംവിധാനങ്ങളും ഏർപ്പെടുത്തി. ഇതിനുപുറമെ നഗരസഭയുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ ആംബുലൻസ്,മെഡിക്കൽ ടീം, ഫയർഫോഴ്സ് തുടങ്ങിയ ക്രമീകരണങ്ങളും സജ്ജമാക്കിക്കഴിഞ്ഞു.
നൂറ്റാണ്ടുകൾക്ക് മുൻപ് അറേബ്യയിൽ നിന്ന് ഇസ്ലാം മതപ്രചാരണാർത്ഥം കേരളത്തിലെത്തിയ ബീമാ ബീവിയും മകൻ മാഹിൻ അബൂബക്കറും ബീമാപള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്നതിന്റെ സ്മരണാർത്ഥമാണ് വർഷം തോറും ഉറൂസ് നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |