SignIn
Kerala Kaumudi Online
Friday, 23 October 2026 7.39 AM IST

ഭക്ഷ്യസുരക്ഷയിൽ ഫലം കാണാതെ...

വർക്കല: ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകൾ വർക്കലയിൽ ഭക്ഷ്യസുരക്ഷാ,ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ നടത്തുന്നുണ്ടെങ്കിലും ഫലം കാണുന്നില്ലെന്ന് പരാതി. ഭക്ഷണശാലകളിൽ ആഹാരം പാകം ചെയ്യുന്ന ജീവനക്കാരുടെ വ്യക്തിശുചിത്വം ഉറപ്പാക്കണമെന്നും പഴകിയ ഭക്ഷണം ശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്യണമെന്നും ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ യഥാവിധി പാലിക്കപ്പെടുന്നില്ല. എലി, പാറ്റ, പല്ലി എന്നിവയുടെ വിഹാരകേന്ദ്രമാണ് ഒട്ടുമിക്ക ഹോട്ടലുകളുടെയും അടുക്കളയും സ്റ്റോർ റൂമും. വൃത്തിഹീനമായ സാഹചര്യത്തിലാണ് പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. വിനോദസഞ്ചാര മേഖലയിലെ ഒട്ടുമിക്ക റെസ്റ്റോറന്റുകളും വൈകിട്ടോടെയാണ് പ്രവർത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിലും തെരുവോരങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകളിലും പേരിനുപോലും പരിശോധനയില്ല. വർക്കലയിൽ ഭക്ഷ്യവിഷബാധ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും പരിശോധന കൂടുതൽ കർശനമാക്കേണ്ടതുണ്ട്.

ആവശ്യത്തിന് ജീവനക്കാരില്ല

ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ വിവിധ സർക്കിൾ ഓഫീസുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. വർക്കല താലൂക്കിൽ ഭക്ഷ്യസുരക്ഷാ ഓഫീസർ, ക്ലർക്ക്, ഓഫീസ് അസിസ്റ്റന്റ് എന്നീ മൂന്ന് ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. ഓരോ സർക്കിൾ ഓഫീസുകളുടെയും പ്രവർത്തനം കാര്യക്ഷമമാക്കാൻ കുറഞ്ഞത് രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ സേവനമെങ്കിലും ലഭ്യമാക്കേണ്ടതുണ്ട്.

സ്‌ക്വാഡുകൾ വേണം

ഷവർമ്മ, മത്സ്യ, ജാഗറി, ഹോളിഡേ തുടങ്ങി വിവിധ ഓപ്പറേഷനുകളായി നിരവധി ഡ്രൈവുകളാണ് ഭക്ഷ്യസുരക്ഷയ്ക്കായി സർക്കാർ നടപ്പാക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായും ജനോപകാരപ്രദമായും മുന്നോട്ട് കൊണ്ടുപോകുന്നതിന് പരിമിതികളുണ്ട്. ഉദ്യോഗസ്ഥരുടെ അപര്യാപ്തത

സ്‌ക്വാഡുകൾ രൂപീകരിച്ചുള്ള പ്രവർത്തനത്തെ ഇല്ലാതാക്കി. ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ എണ്ണം വർദ്ധിപ്പിച്ചാൽ മാത്രമേ സ്‌ക്വാഡ് പ്രവർത്തനം ഫലപ്രദമായി നടപ്പാവുകയുള്ളൂ. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഉദ്യോഗസ്ഥർ പരിഹരിക്കുന്നുണ്ടെങ്കിലും സ്‌ക്വാഡ് പ്രവർത്തനം നിലച്ചതോടെ ഖരമാലിന്യ നിർമ്മാർജ്ജന സംവിധാനം ഉറവിടത്തിൽ തന്നെ ക്രമീകരിക്കുക, അടുക്കളയും സ്റ്റോർറൂമും വൃത്തിയായി സൂക്ഷിക്കുക, വ്യാപാര ലൈസൻസ്, ഹെൽത്ത് കാർഡ്, വെള്ളം പരിശോധിച്ച റിപ്പോർട്ട് എന്നിവ റിസപ്ഷനിൽ സൂക്ഷിക്കുക തുടങ്ങി ഹോട്ടൽ - റെസ്റ്റോറന്റ് ഉടമകൾ കൃത്യമായി പാലിക്കേണ്ട നിർദ്ദേശങ്ങൾ പലതും പാലിക്കാതെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഭക്ഷ്യസുരക്ഷയിൽ വീഴ്ച വരുത്തുന്നുണ്ട്.

ഹെൽത്ത് സർട്ടിഫിക്കറ്റ്

മെഡിക്കൽ പരിശോധന നടത്തി ഹെൽത്ത് സർട്ടിഫിക്കറ്റ് നേടിയ ജീവനക്കാരെയാവണം ഹോട്ടലുകളിൽ ജോലിക്ക് നിയമിക്കാനെന്ന വ്യവസ്ഥ നിലനിൽക്കെ മിക്ക സ്ഥാപനങ്ങളും ഇത് ലംഘിച്ചാണ് പ്രവർത്തിക്കുന്നത്. ജീവനക്കാരുടെ വ്യക്തിശുചിത്വം ഉറപ്പാക്കാനും നടപടികളില്ല. വ്യവസ്ഥകൾ ലംഘിച്ച് പ്രവർത്തിച്ചാലും രാഷ്ട്രീയ സ്വാധീനവും പണവും കൊണ്ട് പ്രശ്നപരിഹാരം കണ്ടെത്താൻ കഴിയുമെന്നത് ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL