SignIn
Kerala Kaumudi Online
Friday, 23 October 2026 6.34 PM IST

കേരളീയർ കല ആസ്വദിക്കാൻ അറിവുള്ളവർ: ശബാന ആസ്മി

തിരുവനന്തപുരം: 'സിനിമയിൽ 50 വർഷം പിന്നിട്ടു. ഇപ്പോഴും അഭിനയിക്കുന്നു. ആദ്യ ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഇത്ര നാൾ അഭിനയിക്കുമെന്ന് കരുതിയില്ല. മികച്ച കലാസ്വാദകരാണ് കേരളീയർ. അതാണ് ഐ.എഫ്.എഫ്.കെയുടെ വിജയം...'ഇന്ത്യൻ സിനിമയുടെ അതുല്യപ്രതിഭയായ നടി ശബാന ആസ്മിയുടെ വാക്കുകൾക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിലെ സദസ് നൽകിയത് നിറകൈയടി. അഭിനയരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ടതിന്റെ ആദരം 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ശബാന. ചടങ്ങിൽ മുഖ്യാതിഥി കൂടിയായിരുന്നു താരം. കോഴിക്കോട് നടന്ന ആദ്യ ചലച്ചിത്രമേളയിൽ ഞാൻ പങ്കെടുത്തു. കലാസാംസ്കാരിക,സിനിമാരംഗങ്ങളുടെ വിളനിലമാണ് കേരളം. പ്രേക്ഷകർ കാണുന്നത് അഭിനേതാക്കളുടെ മാത്രം മുഖമാണ്. അതിനാൽ അണിയറയിലെ സാങ്കേതികപ്രവർത്തകർക്ക് ആരാധകരുണ്ടാവില്ല. എന്നാൽ സിനിമയുടെ വിജയത്തിൽ അവർക്കും പ്രാധാന്യമുണ്ട്. തന്റെ സിനിമകൾ ഉൾപ്പെടുത്തിയുള്ള റെട്രോസ്പെക്ടീവ് സെഗ്മെന്റിനായി കാത്തിരിക്കുകയാണെന്നും ശബാന പറഞ്ഞു. ശബാനയുടെ ആദ്യചിത്രമായ അങ്കുർ ഇന്ന് രാവിലെ 9.15ന് ശ്രീ തീയേറ്ററിൽ പ്രദർശിപ്പിക്കും.

വിലമതിക്കാനാവാത്ത പുരസ്കാരം: ആൻ ഹുയി

ആരാധകരുടെ സ്വത്താണ് സിനിമയെന്ന് ഹോങ്കോംഗിൽ നിന്നുള്ള സംവിധായിക ആൻ ഹുയി പറഞ്ഞു. ഐ.എഫ്.എഫ്.കെയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ. നിരവധി പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ടെങ്കിലും ലൈഫ് ടൈം അച്ചീവ്മെന്റ് കിട്ടുന്നത് ഇതാദ്യമായാണ്. ആയുസ് എത്ര ബാക്കിയുണ്ടെന്നറിയില്ല. ഇത് വിലമതിക്കാനാവാത്ത പുരസ്കാരമാണെന്നും അവർ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL