
വെഞ്ഞാറമൂട്: വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്കു നേരെ കൈയേറ്റമുണ്ടായതിനെതിരെ ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു. രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അജുജിത്തിനു നേരെ നെല്ലനാട് പഞ്ചായത്ത് അംഗം അഭിലാഷ് ആക്രമണം നടത്തിയെന്നായിരുന്നു പരാതി.
കഴിഞ്ഞ ദിവസം രാത്രി 10.30നായിരുന്നു സംഭവം. നെല്ലനാട് സ്വദേശിയായ വൃദ്ധയെ ആശുപത്രിയിലേക്ക് കൊണ്ടുവരവെ വഴിമദ്ധ്യേ മരിച്ചു. ഈ വിവരം അറിയാതെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുകയും ഡോക്ടർ മരണം സ്ഥിരീകരിക്കുകയും ചെയ്തു. മൃതദേഹം വിട്ടുകിട്ടാൻ പൊലീസ് നടപടി വേണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. തുടർന്ന് ബന്ധുക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തംഗം അഭിലാഷ് ആശുപത്രിയിലെത്തി മൃതദേഹം വിട്ടുനൽകാൻ ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിച്ചതോടെയാണ് ഡോക്ടറെ ഇയാൾ ആക്രമിച്ചതെന്നാണ് പരാതി. സംഭവത്തിൽ ആശുപത്രി അധികൃതർ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.
ഫോട്ടോ: ഡോക്ടർക്കു നേരെയുണ്ടായ കൈയേറ്റത്തിൽ വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ പ്രതിഷേധിക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |