SignIn
Kerala Kaumudi Online
Friday, 23 October 2026 7.10 AM IST

 100 കോടി കേന്ദ്രഫണ്ട് കാര്യവട്ടം റസിഡൻഷ്യൽ ക്യാമ്പസാവും

campus

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പി.എം-ഉഷ പദ്ധതിയിൽ നിന്ന് 100കോടി രൂപ അനുവദിച്ചതോടെ പൂർണമായി റസിഡൻഷ്യൽ ക്യാമ്പസാവാനൊരുങ്ങുകയാണ് കാര്യവട്ടം ക്യാമ്പസ്. 3000 കുട്ടികൾ പഠിക്കുന്ന കാര്യവട്ടത്ത് നിലവിൽ 500ൽ താഴെ പേർക്ക് മാത്രമാണ് താമസസൗകര്യമുള്ളത്. പരമാവധി കുട്ടികൾക്ക് താമസമൊരുക്കാൻ കേന്ദ്രഫണ്ടുപയോഗിച്ച് കൂടുതൽ ഹോസ്റ്റലുകൾ നിർമ്മിക്കും. 75കോടിയോളം രൂപ ഇതിനായി ചെലവഴിക്കും. കിഫ്ബിയിൽ നിന്ന് 28കോടി ചെലവിട്ട് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ നിർമ്മാണം ഉടൻ തുടങ്ങും. ഇതിനു പുറമെയാണ് കേന്ദ്രഫണ്ട് ഉപയോഗിച്ചുള്ള ഹോസ്റ്റലുകൾ വരുന്നത്.

 കേന്ദ്രം അനുവദിച്ചത്..... 100 കോടി

 ക്ലാസ് മുറികളും

44 ഡിപ്പാർട്ട്മെന്റുകളാണ് കാര്യവട്ടത്തുള്ളത്. ഇതിൽ ഇരുപതോളം ഡിപ്പാർട്ടുമെന്റുകൾക്ക് നാലുവർഷ കോഴ്സിനായി ക്ലാസ് മുറികളും ലൈബ്രറി, ലാബ് സൗകര്യങ്ങളും നിർമ്മിക്കണം. നിലവിൽ ഒഴിഞ്ഞുകിടക്കുന്ന ക്ലാസ്‌മുറികളിലാണ് ഇവരെ പഠിപ്പിക്കുന്നത്. അതിനാൽ ബിരുദ കോഴ്സുകൾക്ക് മാത്രമായി കെട്ടിട സമുച്ചയം നിർമ്മിക്കുന്നതും പരിഗണനയിലുണ്ടെന്ന് രജിസ്ട്രാർ പ്രൊഫ.കെ.എസ് . അനിൽകുമാർ 'കേരളകൗമുദി'യോട് പറഞ്ഞു.

 ഉപയോഗിച്ചില്ലെങ്കിൽ പാഴാകും...

ആദ്യമായാണ് ഇത്ര വലിയ സഹായം കേരള സർവകലാശാലയ്ക്ക് കിട്ടുന്നത്. എന്നാൽ,​ 100കോടി രൂപ രണ്ടു വർഷത്തിനകം ഉപയോഗിച്ചില്ലെങ്കിൽ പാഴാവും. കേന്ദ്രപണമുപയോഗിച്ച് എല്ലാ വകുപ്പുകളിലും ശില്പശാലകളും അന്താരാഷ്ട്ര സമ്മേളനങ്ങളും നടത്താനാവും. സയൻസ് വകുപ്പുകളിൽ കൂടുതൽ ഉപകരണങ്ങളും വാങ്ങാം. അദ്ധ്യാപകരുടെ പരിശീലനത്തിനും അദ്ധ്യാപന രീതികൾ ആധുനികവത്കരിക്കാനുമായി ഏഴരക്കോടി ഉപയോഗിക്കാം. കഴിഞ്ഞ തവണ കേരള സർവകലാശാല 125കോടിക്കായി അപേക്ഷിച്ചിരുന്നെങ്കിലും ഒരു രൂപ പോലും കിട്ടിയിരുന്നില്ല.

 സൗകര്യങ്ങൾ കൂടും

1) കമ്പ്യൂട്ടറുകളും ഗവേഷണ ഉപകരണങ്ങളും സോഫ്‌‌റ്റ്‌വെയറുകളും വാങ്ങാനും അദ്ധ്യാപകർക്ക് വിദഗ്ദ്ധപരിശീലനം നൽകാനും കേന്ദ്രഫണ്ടുപയോഗിക്കാം.

2)ഓഡിറ്റോറിയങ്ങൾ, സെമിനാർ ഹാളുകൾ, ഭരണനിർവഹണ ബ്ലോക്കുകൾ, പരീക്ഷാകേന്ദ്രങ്ങൾ, ഭക്ഷണശാലകൾ, ഡിജിറ്റൽ ലൈബ്രറികൾ, ഹോസ്റ്റലുകൾ എന്നിവയും പണിയാം.

''കേന്ദ്രസഹായം ലഭിച്ചതോടെ, കാര്യവട്ടത്തെ അടിസ്ഥാനസൗകര്യങ്ങൾ വൻതോതിൽ മെച്ചപ്പെടും. ഹോസ്റ്റലുകളും ക്ലാസ് മുറികളും നിർമ്മിക്കും. കൂടുതൽ നാലുവർഷ പ്രോഗ്രാമുകൾ തുടങ്ങാനാവും. അദ്ധ്യാപകരെയും പരിശീലിപ്പിക്കും ''

-ഡോ. മോഹനൻ കുന്നുമ്മേൽ

വൈസ്ചാൻസലർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL