ശംഖുംമുഖം: കൊറിയയിലുണ്ടായ വിമാനാപകടത്തിന്റെ ഭീതിയിൽ തിരുവനന്തപുരം വിമാനത്താവളവും. പക്ഷി ഇടിച്ചതിനെ തുടർന്ന് ദക്ഷിണ കൊറിയയിൽ വൻ വിമാനദുരന്തം ഉണ്ടായതോടെയാണ് സമാനപ്രശ്നം രൂക്ഷമായ തിരുവനന്തപുരം വിമാനത്താവളം അധികൃതരുടെയും പരിസരവാസികളുടെയും ചങ്കിടിപ്പേറ്റിയിരിക്കുന്നത്. 20,000 വിമാന നീക്കങ്ങൾ നടക്കുമ്പോൾ ഒരു തവണ മാത്രം പക്ഷിയിടി മൂലമുള്ള സാങ്കേതിക തടസം അനുവദനീയമായ തിരുവനന്തപുരം വിമാനത്താവളത്തിൽ മാസത്തിൽ നിരവധി തവണയാണ് വിമാനങ്ങൾ തിരിച്ചിറക്കുന്ന സംഭവങ്ങളുണ്ടാകുന്നത്. ഇത്തരം വിഷയത്തിൽ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ കൊറിയൻ ദുരന്തത്തിന് സമാനമായ അവസ്ഥയ്ക്ക് തലസ്ഥാനവും സാക്ഷിയാകേണ്ടി വരുമെന്ന് വ്യോമയാന വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. നിരന്തരമായ പക്ഷിയിടി പേടിച്ച് വിദേശ പൈലറ്റുമാരടക്കമുള്ളവർ തിരുവനന്തപുരത്തേക്ക് വിമാനങ്ങൾ പറത്താൻ മടിക്കുന്ന അവസ്ഥയാണ് നിലവിൽ. വിമാനത്താവള പരിസരങ്ങളിലെ പക്ഷി ശല്യമൊഴിവാക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല. വിമാനത്താവളത്തിന്റെ പരിസരങ്ങളിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ കൊത്തിയെടുക്കാൻ കാത്തിരിക്കുന്ന പക്ഷികളാണ് വിമാനങ്ങളിൽ ഇടിക്കുന്നത്. എയർക്രാഫ്റ്റ് റൂൾ പ്രകാരം വിമാനത്താവളത്തിന്റെ 10 കിലോമീറ്റർ പരിധിയിൽ മാലിന്യ നിക്ഷേപമോ ഇറച്ചി വില്പനശാലകളോ പാടില്ല. ഇത് പാലിക്കാത്തവർക്കെതിരെ ക്രിമിനൽ കേസെടുക്കുകയും ചെയ്യാം. എന്നാൽ, തിരുവനന്തപുരത്ത് ഇവയൊന്നും പാലിക്കപ്പെടുന്നില്ലെന്ന് വിമാനത്താവളം അധികൃതരും നാട്ടുകാരും പറയുന്നു. വിമാനത്താവള പരിസരത്തെ മാലിന്യനീക്കത്തിന് തടയിടാൻ ഗതാഗത സെക്രട്ടറി അദ്ധ്യക്ഷനും കളക്ടർ,മേയർ തുടങ്ങിയവർ അംഗങ്ങളുമായ ഉന്നതതലസമിതി നിലവിലുണ്ട്. സമിതി ഇടയ്ക്കിടെ യോഗം ചേരുന്നതല്ലാതെ തുടർനടപടികളൊന്നുമുണ്ടാവുന്നില്ലെന്ന ആരോപണമുണ്ട്. മാസങ്ങൾക്ക് മുമ്പ് രാഷ്ട്രപതിയുടെ തിരുവനന്തപുരം സന്ദർശനത്തോടനുബന്ധിച്ച് വിമാനത്താവളത്തിന്റെ ചുറ്റുമുള്ള അറവുശാലകൾക്കും വില്പനശാലകൾക്കും നഗരസഭ 2 ദിവസം നിരോധനം ഏർപ്പെടുത്തിയതിന് ശേഷമാണ് വിമാനം തിരുവനന്തപുരത്തിറക്കിയത്. പക്ഷിയിടി സംഭവങ്ങൾ വിദേശപൈലറ്റുമാർ റിപ്പോർട്ട് ചെയ്താൽ മാത്രമേ ഔദ്യോഗികമായി കണക്കാക്കൂ. പിന്നിട് ഉന്നതങ്ങളിൽ നിന്ന് കൃതൃമായി അന്വേഷണം നടക്കും. ബാക്കിയുള്ള സംഭവങ്ങൾ രേഖകളില്ലാതെ ഒതുക്കപ്പെടുകയാണ് പതിവ്. കൊറിയൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിലെങ്കിലും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |