
നെടുമങ്ങാട്: പൊതുജനങ്ങൾക്ക് എളുപ്പത്തിൽ സേവനം ലഭ്യമാക്കാനും ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനും ലക്ഷ്യമിട്ട് നഗരസഭകളിൽ നടപ്പാക്കിയ കെ-സ്മാർട്ട് ഇനി ത്രിതല പഞ്ചായത്തുകളിലും.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമപഞ്ചായത്ത്, എന്നിവിടങ്ങളിലാണ് കെ-സ്മാർട്ടിന്റെ പൈലറ്റ് റൺ നടപ്പിലാക്കുന്നത്. ഏപ്രിൽ മുതൽ കെ-സ്മാർട്ട് മറ്റ് ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സേവനങ്ങൾ പൂർണമായും ഡിജിറ്റൽവത്കരിക്കുന്നതിന്റെ ഭാഗമായി ഇൻഫർമേഷൻ കേരള മിഷനുമായി സഹകരിച്ചാണ് കെ-സ്മാർട്ട് സോഫ്ട് വെയർ വികസിപ്പിച്ചത്.
സേവനങ്ങൾ
നഗരസഭകളിൽ കഴിഞ്ഞ വർഷം മുതൽ കെ-സ്മാർട്ട് നടപ്പിലാക്കിയത് വിജയമായിരുന്നു. സിവിൽ രജിസ്‌ട്രേഷൻ, പ്രോപ്പർട്ടി ടാക്‌സ്, പബ്ലിക് ഗ്രീവൻസ്, മീറ്റിംഗ് മാനേജ്മെന്റ്, ബിസിനസ് ഫെസിലിറ്റേഷൻ, വാടക/പാട്ടം, പ്രൊഫഷണൽ ടാക്‌സ്, പാരാമെഡിക്കൽ ട്യൂട്ടോറിയൽ രജിസ്‌ട്രേഷൻ, പെറ്റ് ലൈസൻസ്, പ്ലാൻ ഡെവലപ്മെന്റ്, സേവന പെൻഷൻ, ഡിജിറ്റൽ ഫയൽ മാനേജ്‌മെന്റ്, കോൺഫിഗറേഷൻ മൊഡ്യൂൾ, നോ യുവർലാൻഡ്, മൊബൈൽ ആപ്പ് എന്നീ സേവനങ്ങളോടെയാണ് കെ-സ്മാർട്ട് ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്നത്.
മാറ്റം എളുപ്പമാവും
ഗ്രാമപഞ്ചായത്തുകളിൽ നിലവിൽ ഐ.എൽ.ജി.എം.എസ് സംവിധാനമുള്ളതിനാൽ കെ-സ്മാർട്ടിലേക്കുള്ള മാറ്റം എളുപ്പമാകുമെന്നും ഇ-ഗവേണൻസിൽ സമാനതകളില്ലാത്ത മുന്നേറ്റത്തിനാണ് തദ്ദേശസ്വയംഭരണ വകുപ്പ് തുടക്കമിട്ടിരിക്കുന്നതെന്നും ഇൻഫർമേഷൻ കേരള അധികൃതർ പറഞ്ഞു.കരകുളം ഗ്രാമപഞ്ചായത്തിൽ കെ-സ്മാർട്ട് സോഫ്ട് വെയർ ആപ്ലിക്കേഷന്റെ ഉദ്ഘാടനം പ്രസിഡന്റ് യു.ലേഖറാണി നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽകുമാർ ടി.എ.അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജികുമാർ ബി, ഇൻഫർമേഷൻ കേരളമിഷൻ ഡയറക്ടർ ഡോ.സന്തോഷ് ബാബു, ജോയിന്റ് ഡയറക്ടർ ടിമ്പിൾ മാഗി, ഡെപ്യൂട്ടി ഡയറക്ടർ (ടെക്നിക്കൽ) ഡോ.നൗഫൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കരകുളം വി.രാജീവ്, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |