നെടുമങ്ങാട്: അനധികൃത മണ്ണിടിക്കലിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഓട്ടോഡ്രൈവറെ അബ്കാരിക്കേസിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതായി പരാതി. ഇതുസംബന്ധിച്ച് തെന്നൂർ വില്ലേജിൽ ഞാറനീലി മണ്ണന്തല അഖിൽ ഭവനിൽ എൽ. പ്രസാദ് മുഖ്യമന്ത്രിക്കും സംസ്ഥാന പട്ടികജാതി - പട്ടികവർഗ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും നിവേദനം നൽകി. കഴിഞ്ഞ സെപ്തംബർ 14നായിരുന്നു സംഭവം. ഓട്ടോയുടെ എഞ്ചിൻ ഭാഗത്ത് നിന്ന് എക്സൈസ് ഉദ്യോഗസ്ഥൻ ചാരായകുപ്പി കണ്ടെടുക്കുകയായിരുന്നു. വീട്ടുമുറ്റത്ത് പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ ആളൊഴിഞ്ഞ ഒരു വീട്ടുവളപ്പിലാണ് പ്രസാദ് ഓട്ടോ പാർക്ക് ചെയ്യുന്നത്. തന്നെ കുരുക്കാൻ ലക്ഷ്യമിട്ട് ബോധപൂർവം ഓട്ടോയിൽ ചാരായം ഒളിപ്പിച്ചതാണെന്ന് പരാതിയിൽ പറയുന്നു. സ്ഥലത്ത് മണ്ണിടിക്കലിന് നേതൃത്വം നൽകുന്ന ഒരാൾ പ്രസാദിനെ ജയിലിലാക്കുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത് പ്രസാദിന്റെ പരാതിയിലാണെന്ന വിരോധത്തിലായിരുന്നു. കിടപ്പിലായ ഭാര്യയെയും കുടുംബത്തെയും ഓട്ടോ ഓടിച്ചാണ് പ്രസാദ് പരിപാലിക്കുന്നത്. സംഭവത്തിൽ നീതിയുക്തമായ പുനരന്വേഷണം നടത്തി വസ്‌തുത പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി സംരക്ഷണ സംഘടനകളും രംഗത്തുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |