SignIn
Kerala Kaumudi Online
Friday, 23 October 2026 2.23 PM IST

കലോത്സവദിനങ്ങളിൽ ട്രാഫിക് നിയന്ത്രണം

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന നാല് മുതൽ എട്ടുവരെ നഗരത്തിൽ ട്രാഫിക് നിയന്ത്രണം ഉണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കിഴക്കേകോട്ട മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രംവരെ റോഡിന്റെ ഇരുവശങ്ങളിലും കെ.എസ്.ആർ.ടി.സി- സ്വകാര്യബസ് സർവീസ് അനുവദിക്കില്ല. ഈ ഭാഗങ്ങളിൽനിന്നുള്ള ബസുകൾ അട്ടക്കുളങ്ങര,വെട്ടിമുറിച്ചകോട്ട, കോട്ടയ്ക്കകം എന്നിവിടങ്ങളിലുള്ള പാർക്കിംഗ് കേന്ദ്രങ്ങളിൽനിന്നും സർവീസ് നടത്തും.

നാളെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ വാഹനങ്ങളിലെത്തുന്നവർ സെക്രട്ടേറിയറ്റ് ഗേറ്റ്2 (ആസാദ് ഗേറ്റ്) ഭാഗത്ത് ഇറങ്ങിയശേഷം സ്റ്റേഡിയത്തിന്റെ തെക്കുഭാഗത്തെ ഗേറ്റ് (വൈ.എം.സി.എ) വഴി സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കണമെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണർ ബി.വി വിജയ് ഭാരത് റെഡ്ഡി അറിയിച്ചു. വലിയ വാഹനങ്ങൾക്ക് ആറ്റുകാൽക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ടിലും, പൂജപ്പുര ഗ്രൗണ്ടിലും പാർക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്. കാറുൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ പുളിമൂട് മുതൽ ആയുർവേദ കോളേജ് വരെയും ആയുർവേദ കോളേജ് മുതൽ കുന്നുംപുറം വരെയുള്ള റോഡിലും യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ പരിസരത്തും,സംസ്‌കൃതകോളേജ് പാർക്കിംഗ് ഗ്രൗണ്ടിലും പാർക്കിംഗ് സൗകര്യമൊരുക്കും. നാളെ സെക്രട്ടേറിയറ്റിന് മുൻവശവും സെൻട്രൽ സ്റ്റേഡിയത്തിന് ചുറ്റും പാർക്കിംഗ് അനുവദിക്കില്ല. പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെ വേദികളുടെ സമീപറോഡുകളിലോ ഇടറോഡുകളിലോ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനമുപയോഗിച്ച് നീക്കംചെയ്യുമെന്ന് ഡി.സി.പി അറിയിച്ചു.

ഭക്ഷണശാല സ്ഥിതിചെയ്യുന്ന പുത്തരിക്കണ്ടം മൈതാനത്തേക്ക് മത്സരാർത്ഥികളുമായി വരുന്ന സ്‌കൂൾ ബസുകൾ ഗാന്ധിപാർക്കിന് സമീപത്തുള്ള കെ.എസ്.ആർ.ടി.സിയുടെ ഗ്യാരേജിൽ പാർക്ക് ചെയ്യണം. ഔദ്യോഗികമായി, മത്സരാർത്ഥികളുമായി വരുന്ന വാഹനങ്ങൾ മാത്രമേ ഗ്യാരേജിൽ പാർക്ക് ചെയ്യാൻ അനുവദിക്കൂ. പുത്തരിക്കണ്ടത്തേക്ക് വരുന്ന ഒഫീഷ്യലുകളുടെയും,രക്ഷിതാക്കളുടെയും വാഹനങ്ങൾ പവർ ഹൗസ് റോഡിലുള്ള ലോറി പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. പാചകപ്പുരയിലേക്ക് സാധനങ്ങളുമായെത്തുന്ന വാഹനങ്ങൾ പവർഹൗസ് റോഡിൽ നിന്നും പുത്തരിക്കണ്ടത്തേക്കുള്ള ഗേറ്റ് വഴി അകത്തേക്ക് പ്രവേശിച്ച് പാചകപുരയ്ക്ക് പിറകുവശത്തായി പാർക്ക് ചെയ്യണം. കുടിവെള്ളവുമായി വരുന്ന വാട്ടർ അതോറിറ്റിയുടെ വാഹനങ്ങൾ പവർഹൗസ് റോഡിൽ നിന്നും പുത്തരിക്കണ്ടത്തേക്കുള്ള ഗേറ്റ് വഴി അകത്തേക്ക് പ്രവേശിച്ച് ഇടതുവശത്ത് പാർക്ക് ചെയ്യണം. പട്ടം സെന്റ് മേരീസ്, ഗവ. ഗേൾസ് എച്ച്.എസ്.എസ് പട്ടം എന്നീ സ്‌കൂളുകളിലേക്ക് വരുന്ന വലിയ വാഹനങ്ങൾക്ക് എം.ജി കോളേജ് പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL