SignIn
Kerala Kaumudi Online
Friday, 23 October 2026 2.22 PM IST

ഗ്യാസ് ലൈൻ ജീവനക്കാരനെ വിജിലൻസ് സി.ഐ മർദ്ദിച്ച കേസ്: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: കാർ തടഞ്ഞതിന് ഗ്യാസ് ലൈൻ ജീവനക്കാരനെ വിജിലൻസ് സി.ഐ മർദ്ദിച്ച സംഭവത്തിൽ പരാതിക്കാരന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.

സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി അതിഥി സോളാർ ലിമിറ്റഡിന്റെ പി.ആർ.ഒ കഴക്കൂട്ടം സ്വദേശി വിനോദ് കുമാറിനെ (54) വിജിലൻസ് എസ്.എച്ച്.ഒ അനൂപ് ചന്ദ്രൻ മർദ്ദിച്ചെന്നാണ് പരാതി. കേസെടുത്ത അന്നുതന്നെ കഴക്കൂട്ടം പൊലീസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. 2020ലെ വകുപ്പുതല ഉത്തരവനുസരിച്ച് സി.ഐമാർ പ്രതിയാകുന്ന കേസ് ജില്ലാ ക്രൈബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി വിജുവിനാണ് അന്വേഷണച്ചുമതല. അതേസമയം സി.ഐ അനൂപ് ചന്ദ്രൻ നൽകിയ ജാതി അധിക്ഷേപം, മർദ്ദനം തുടങ്ങിയ കേസിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.ഐയുടെ പരാതിയിൽ പട്ടികജാതി പട്ടികവകുപ്പ് അതിക്രമ വകുപ്പും ചുമത്തി. കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി നിയാസാണ് ഈ കേസ് അന്വേഷിക്കുന്നത്. പരാതിയിലുള്ള എല്ലാ വകുപ്പുകളും ചേർത്താണ് കേസെടുത്തതെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച രാത്രി 9.45നായിരുന്നു സംഭവം. വെട്ടുറോഡ് സെന്റ് ആന്റണീസ് സ്‌കൂൾ റോ‌ഡിൽ സിറ്റി ഗ്യാസ് പൈപ്പ് ലൈനിന്റെ പണി നടക്കുന്നതിനാൽ ബുധനാഴ്ച രാത്രി ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. ഇക്കാര്യമറിയാതെ വീട്ടിലേക്ക് വിജിലൻസ് ഉദ്യോഗസ്ഥനായ അനൂപ് ചന്ദ്രനും കുടുംബവും പോയ കാർ അതുവഴി യാത്ര ചെയ്യുന്നത് വിനോദ്കുമാർ തടഞ്ഞിരുന്നു. തുടർന്നുള്ള തർക്കത്തിൽ സി.ഐ മർദ്ദിച്ചെന്നാണ് പൊലീസിൽ നൽകിയ പരാതിയിലുള്ളത്. കണ്ണിനും കവിളിനും പരിക്കേറ്റ വിനോദ് കുമാറിനെ ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എന്നാൽ വിനോദ് കുമാർ മദ്യലഹരിയിലായിരുന്നെന്നും കാർ തടഞ്ഞത് ചോദ്യം ചെയ്‌തപ്പോൾ തന്നെയും കുടുംബത്തെയും അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്‌തെന്നായിരുന്നു സി.ഐയുടെ പരാതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL