
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ബി.ജെ.പി-ഡി.വൈ.എഫ്.ഐ സംഘർഷം രൂക്ഷം. ബി.ജെ.പി പ്രവർത്തകന്റെ വീടിന് നേരെ കല്ലെറിഞ്ഞ സംഭവത്തിലാണ് ഇരു പാർട്ടികളും തമ്മിൽ സംഘർഷം രൂക്ഷമായത്. 31ന് പുലർച്ചെ രണ്ടരയോടെ ആർ.എസ്.എസ് താലൂക്ക് കാര്യവാഹകും ബി.ജെ.പി നേതാവുമായ രാമച്ചംവിള കാട്ടിൻപുറത്ത് എസ്.പി ഭവനിൽ ആനന്ദ് രാജിന്റെ വീടിനും കടയ്ക്കും നേരെ അക്രമികൾ കല്ലെറിയുകയായിരുന്നു. ശക്തമായ കാറ്റുള്ളതിനാൽ എന്തെങ്കിലും വീണതാകാമെന്ന് വീട്ടുകാർ കരുതിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ വീടിന് നേരെ ശക്തമായ കല്ലേറുണ്ടായി. ഈ സമയം വീടിന്റെ മുൻവശത്തെ കതക് തുറന്ന് പുറത്തുവന്ന ആനന്ദരാജിനെ ആറോളം പേരടങ്ങിയ അക്രമി സംഘം ആക്രമിക്കുകയും വീടിനുള്ളിൽ കയറിയപ്പോൾ സംഘവും പിന്നാലെ കയറി ചുടുകട്ട കൊണ്ട് മുഖത്തും തലയ്ക്കും ഇടിക്കുകയുമായിരുന്നു. ഈ സമയം വീടിന് പുറത്തും സംഘത്തിൽപ്പെട്ടവർ ഉണ്ടായിരുന്നു. വീടാക്രമിച്ച ശേഷം രാമച്ചംവിളയിലെ ആനന്ദരാജിന്റെ കടയും അടിച്ച് തകർത്തു. തലയ്ക്ക് ഗുരുതരമായി പരിക്കറ്റ ആനന്ദരാജിനെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നഗരസഭയിലെ സി.പി.എം കൗൺസിലർ സുഖിൽ, ഡി.വൈ.എഫ്.ഐ വെസ്റ്റ് മണ്ഡലം സെക്രട്ടറി അജീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ആറ്റിങ്ങൽ ഐ.ടി.ഐയിൽ നടന്ന സംഘർഷവുമായി ബന്ധപെട്ട് ഇരുപാർട്ടികളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കേയാണ് ആക്രമണമുണ്ടായത്. എന്നാൽ രാമച്ചംവിളയിലെ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും വ്യക്തി വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും സി.പി.എം ഏരിയാ സെക്രട്ടറി എം.പ്രദീപ് പറഞ്ഞു. ആക്രമണം രാഷ്ട്രീയ പ്രേരിതമാണന്നും പുതുവത്സര ദിനത്തിൽ കൗൺസിലറുടെ നേതൃത്വത്തിൽ സാമൂഹ്യ വിരുദ്ധരുടെ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും പിടിയിലായ കൗൺസിലർ നിരവധി കേസിൽ പ്രതിയാണന്നും ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എസ്.സന്തോഷ് പറഞ്ഞു. സംഘർഷം നിലനിൽക്കുന്ന ഈ മേഖലയിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |