
ചാലക്കുടി: രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 13 വർഷത്തിന് ശേഷം കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാഞ്ഞിരംചിറ മണ്ണാപറമ്പിൽ വീട്ടിൽ ബാബുവിനെയാണ് (73) കൊരട്ടി സി.ഐ അമൃത രംഗനും സംഘവും ചേർന്ന് കോട്ടയത്ത് നിന്ന് പിടികൂടിയത്.
2001ലാണ് ഭാര്യ ദേവകിയെ കൊരട്ടി തിരുമുടിക്കുന്നിലെ വീട്ടിൽ വച്ച് ഇയാൾ വെട്ടിക്കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹത്തിൽ നിന്ന് ആഭരണങ്ങൾ ഊരിയെടുത്ത് കടന്നുകളഞ്ഞു. 1998ൽ ഇരുവരും പ്രേമിച്ചാണ് വിവാഹിതരായത്. ഇതിന് മുമ്പ് ഇയാൾ നാട്ടിൽ വച്ച് കല്യാണം കഴിച്ച വിവരം മറച്ച് വച്ചു. കല്യാണ ആൽബത്തിലെ ചിത്രങ്ങൾ അടക്കം എല്ലാ തെളിവും നശിപ്പിച്ച് രക്ഷപ്പെട്ട ബാബുവിനെ 2009ൽ ചേർത്തലയിൽ വച്ചാണ് അന്നത്തെ സി.ഐ കെ.പി.ജോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇതിനിടയിൽ അമ്മാവന്റെ മകളെ ഇയാൾ വിവാഹം ചെയ്തിരുന്നു. 2011ൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ പിന്നീട് കോടതിയിൽ ഹാജരായില്ല. പല ജില്ലകളിലും വിവിധ പേരുകളിൽ താമസിച്ച് മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |