തിരുവനന്തപുരം: കിടമത്സരങ്ങളുടെയും തർക്കങ്ങളുടെയും വേദിയായി കലോത്സവത്തെ മാറ്റാതെ കലാപരമായ കഴിവുകളുടെ പ്രകാശനത്തിനുള്ള അവസരമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്തരൂപങ്ങൾ മത്സരയിനങ്ങളിൽ ഇത്തവണ ഉൾപ്പെടുത്തി. പങ്കാളിത്തമാണ് വിജയത്തേക്കാൾ വലിയ നേട്ടമെന്ന തിരിച്ചറിവുണ്ടാകണം. എം.ടി.വാസുദേവൻ നായരുടെ കലാസൃഷ്ടികൾക്ക് വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ ഉണ്ടാകുന്ന വേദിയാണ് സ്‌കൂൾ കലോത്സവം. കലോത്സവ വേദികളിൽ മാറ്റുരച്ച നിരവധി പ്രതിഭകൾ കേരളത്തിന്റെ സാമൂഹിക- സാംസ്‌കാരിക മണ്ഡലങ്ങളിൽ പിന്നീട് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആ ബൃഹത്പാരമ്പര്യം ഉൾക്കൊണ്ടുവേണം കലോത്സവങ്ങളിൽ പങ്കെടുക്കാൻ. മനുഷ്യർ പൊതുവെ ഉത്സവപ്രിയരാണ്. ജീവിതദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോൾ പോലും ജീവിതം ഒരു ഉത്സവമാക്കുന്നതിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ മനസിൽ സൂക്ഷിക്കുന്നവരാണ്. അത്തരം സ്വപ്നങ്ങളാണ് വലിയ ജനകീയ വിപ്ലവങ്ങൾക്കും സാമൂഹ്യവ്യവസ്ഥാ മാറ്റങ്ങൾക്കും വഴിവച്ചിട്ടുള്ളത്. സ്‌കൂൾ വിദ്യാഭ്യാസം കഴിയുന്നതോടെ കലാപ്രവർത്തനം അവസാനിപ്പിക്കുന്ന വലിയ വിഭാഗമുണ്ട്. പഴയ കലാപ്രതിഭകളുടെയും കലാതിലകങ്ങളുടെയും പിന്നീടുള്ള ജീവിതം പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഈ വിഷയം ഗൗരവമായി കലാകേരളം ചർച്ച ചെയ്യണം. അവരെ കണ്ടെത്തി കലാകേരളത്തിന് മുതൽക്കൂട്ടാക്കാനുള്ള ശ്രമങ്ങൾ നടത്തണം. സർക്കാർ അക്കാര്യത്തിൽ ശ്രദ്ധവയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |