SignIn
Kerala Kaumudi Online
Friday, 23 October 2026 8.04 PM IST

ഇത് ഒരമ്മയുടെ വാശി

kalothsavam

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി പെൺകുട്ടികളുടെ മോണോ ആക്ട് മത്സരവേദി രണ്ടരപ്പതിറ്റാണ്ടത്തെ സ്വപ്നസാഫല്യത്തിന്റെ വേദിയായി. വീട്ടുകാരുടെ എതിർപ്പ് മൂലം നടക്കാതെപോയ സംസ്ഥാന സ്‌കൂൾ കലോത്സവവേദിയിൽ എത്തുകയെന്ന തൻെറ ആഗ്രഹം പറവൂർ സ്വദേശി അമ്പിളി ബോസ് മകൾ എൻ.കെ.ആലിയയിലൂടെ സാധിച്ചു. മകൾ വേദിയിൽ തകർത്ത് അഭിനയിച്ചപ്പോൾ സന്തോഷവും അഭിമാനവും അമ്പിളിയുടെ മുഖത്ത് നിറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാൻ എന്തും കാട്ടികൂട്ടുന്ന പുതുതലമുറയെ കുറിച്ച് അവതരിപ്പിച്ച പറവൂർ നോർത്ത് എസ്.എൻ.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിയായ ആലിയ എ ഗ്രേഡ് നേടിയപ്പോൾ അത് അമ്മയുടെ കാത്തിരിപ്പിനുള്ള സമ്മാനമായി.

വർഷങ്ങൾക്ക് മുമ്പ് അമ്പിളി എറണാകുളം ജില്ലാ കലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയെങ്കിലും സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ മാതാപിതാക്കൾ അനുവദിച്ചില്ല. ജില്ലവിട്ട് പോയി ഡാൻസ് വേണ്ടെന്ന് അവർ കടുപ്പിച്ചതോടെയാണ് സംസ്ഥാന കലോത്സവ വേദി അമ്പിളിക്ക് അന്യമായത്. ആഗ്രഹം അണയാത്ത നാളമായി മനസിൽ കാത്ത അമ്പിളി തനിക്ക് ഒരു മകളുണ്ടായാൽ അവളെ കലാകാരിയാക്കുമെന്ന് ഉറപ്പിച്ചു. വർഷങ്ങൾ നീണ്ട ആഗ്രഹവും വാശിയുമാണ് ഇന്നലെ പട്ടം ഗേൾസ് സ്കൂളിലെ വേദിയിൽ നിറവേറിയത്. കഴിഞ്ഞ വർഷം എറണാകുളം ജില്ലാ കലോത്സവത്തിൽ ഇതേ വിഷയം മോണോ ആക്ടിന് അവതരിപ്പിച്ചെങ്കിലും അഭിനയത്തിനിടക്ക് കൂളിംഗ് ഗ്ലാസ് ഉപയോഗിച്ചെന്നാരോപിച്ച് ആലിയ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. തെറ്റായ വാദമുയർത്തി മകളെ പിന്തള്ളിയപ്പോഴും അമ്പിളി തളർന്നില്ല. ആ മോണോ ആക്ട് തന്നെ സംസ്ഥാന വേദിയിൽ അവതരിപ്പിക്കണമെന്നത് അമ്പിളിയുടെ ആഗ്രഹവും നിറവേറിയതോടെ ഇരട്ടി മധുരമായി. കലാഭവൻ നൗഷാദാണ് പരിശീലകൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL