SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 PM IST

തിരക്കഥ, പരിശീലനം അച്ഛൻ

vishnu

മകന്റെ അഭിനയമോഹം സഫലമാക്കാൻ മേസ്തിരിപ്പണിക്കാരനായ അച്ഛൻ ഗുരുവായി. അച്ഛൻ കഥ കണ്ടെത്തി സ്ക്രിപ്റ്റ് തയ്യാറാക്കും. രാവിലെയും വൈകിട്ടും പഠിപ്പിക്കും. അച്ഛൻ ജോലിക്ക് പോകുമ്പോൾ കണ്ണാടിയിൽ നോക്കി സ്വയം പരിശീലനം. ഒടുവിൽ മലയിറങ്ങിവന്ന വിഷ്ണു മോണോആക്ടിൽ എ ഗ്രേഡിന്റെ തിളക്കത്തിൽ മടങ്ങി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മോണോആക്ട് വേദിയിലെത്തിയ അമ്പൂരി സെന്റ് തോമസ് എച്ച്.എസിലെ എട്ടാം ക്ലാസുകാരൻ വിഷ്ണു എസ്.എൻ വേദിയിലെ പ്രകടനം കൊണ്ടുമാത്രമല്ല ജീവിതം കൊണ്ടും വ്യത്യസ്തനാണ്. മകനെ അരങ്ങിലെത്തിക്കാനായി ആഴ്ചകളായി പണിക്ക് പോലും പോകാതെ നടത്തിയ അച്ഛൻ ഷിബുവിന്റെ പ്രയത്നത്തിന് ഫലം കണ്ടു.

യൂട്യൂബിന്റെ സഹായത്തോടെയാണ് ഷിബു മകനെ പഠിപ്പിച്ചിരുന്നത്. പെരുവിരൽ ഗുരുദക്ഷിണയായി ദ്രോണർക്ക് നൽകിയ ഏകലവ്യനെയും സ്വാശ്രയവിദ്യാഭ്യാസത്തെയും കൂട്ടിയിണക്കിയുള്ള കഥയാണ് വിഷ്ണു സംസ്ഥാനവേദിയിൽ അവതരിപ്പിച്ചത്. ഓട്ടോയിലാണ് വിഷ്ണുവും കുടുംബവും കലോത്സവവേദിയിലെത്തിയത്. എഗ്രേഡ് ലഭിച്ചതോടെ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു. അമ്മ നിഷയും സഹോദരി വൈഷ്ണവിയും ഒപ്പമുണ്ടായിരുന്നു. അഞ്ചാം ക്ലാസുകാരിയായ വൈഷ്ണവിയെയും അച്ഛൻ മോണോആക്ട് പരിശീലിപ്പിക്കുന്നുണ്ട്. വിഷ്ണു ഏഴാംക്ലാസിൽ ജില്ലാ കലോത്സവത്തിലും മോണോ ആക്ടിന് എ ഗ്രേഡ് നേടി. തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. ഇനി ഒരു പ്രൊഫഷണൽ അദ്ധ്യാപകന്റെ അടുത്ത് വിട്ട് മകനെ പരിശീലിപ്പിക്കണമെന്നാണ് ഈ അച്ഛന്റെ ആഗ്രഹം. മേസ്തിരിപ്പണിയിൽ നിന്ന് കിട്ടുന്നതിന്റെ ഒരുപങ്ക് അതിനായി ചെലവഴിക്കാൻ ഷിബുവിന് സന്തോഷമേയുള്ളൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL