ശംഖുംമുഖം: പ്രതിവർഷ യാത്രക്കാരുടെ എണ്ണത്തിൽ റെക്കാഡുമായി തിരുവനന്തപുരം വിമാനത്താവളം കുതിക്കുമ്പോഴും പല വിദേശ രാജ്യങ്ങളിലേക്കും നേരിട്ട് സർവീസുകളില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. 2024 ജനുവരി മുതൽ ഡിസംബർ വരെ 49.17 ലക്ഷം പേർ തിരുവനന്തപുരം എയർപോർട്ട് വഴി യാത്ര ചെയ്തുവെന്നാണ് കണക്കുകൾ. 2023ൽ 41.48 ലക്ഷം പേരാണ് യാത്രചെയ്തത്. നേരിട്ടുള്ള സർവീസിനായി യാത്രക്കാർ സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളെയാണ് ആശ്രയിക്കുന്നത്. നേരിട്ട് സർവീസുകളില്ലാത്തതിനാൽ കണക്ഷൻ വിമാനങ്ങളെ ആശ്രയിച്ച് മറ്റ് രാജ്യങ്ങളുടെ വിമാനത്താവളങ്ങളിൽ പോയി വെള്ളവും ഭക്ഷണവും ലഭിക്കാതെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നുണ്ട്.
ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിച്ചിരുന്ന സൗദി എയർലൈൻസ് തിരുവനന്തപുരത്ത് നിന്നുള്ള സർവീസ് നിറുത്തിയിട്ട് വർഷങ്ങളായി.
ആഴ്ചയിൽ രണ്ടുദിവസം റിയാദിലേക്കും ജിദ്ദയിലേക്കും നേരിട്ട് സർവീസ് നടത്തിക്കൊണ്ടിരുന്ന സൗദി എയർലൈൻസിനെ ഒഴിവാക്കി സംസ്ഥാനത്തിന്റെ മറ്റുവിമാനത്താവളങ്ങളിൽ നിന്നാണ് ഇപ്പോൾ ഈ സർവീസുകൾ നടക്കുന്നത്.എയർട്രാഫിക് മൂവ്‌മെന്റുകൾ (എ.ടി.എം) 28306ൽ നിന്നും 32324 ആയി ഉയർന്നെങ്കിലും വിദേശരാജ്യങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകളുടെ എണ്ണം ഉയർന്നില്ല.
യാത്ര ചെയ്യുന്നുണ്ട്, പക്ഷേ...
2024ലെ ആകെ യാത്രക്കാരിൽ 26.4 ലക്ഷം പേർ ഇന്ത്യൻ നഗരങ്ങളിലേക്കും 22.7 ലക്ഷം പേർ വിദേശത്തേക്കുമാണ് യാത്ര ചെയ്തത്.ഇന്ത്യയിൽ ബംഗളൂരു, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലേക്കും വിദേശരാജ്യങ്ങളിൽ അബുദാബി, ഷാർജ, ദുബായ് എന്നിവിടങ്ങളിലേക്കുമാണ് ഏറ്റവും കൂടുതൽ പേർ യാത്രചെയ്തത്. എന്നാൽ ഇതിൽ കൂടുതൽ പേരും നേരിട്ട് സർവീസുകളില്ലാത്തതിനാൽ കണക്ഷൻ വിമാനങ്ങളെ ആശ്രയിക്കേണ്ടിവന്നവരാണ്. എയർ ഇന്ത്യ എക്സ്‌പ്രസ്,ഇൻഡിഗോ,എയർ അറേബ്യ എന്നീ എയർലൈനുകളാണ് തിരുവനന്തപുരത്ത് നിന്നും കൂടുതൽ സർവീസുകൾ നടത്തിയിരിക്കുന്നത്. വിമാനത്താവളം വഴിയുള്ള ആഭ്യന്തര കാർഗോ നീക്കത്തിലും ഗണ്യമായ വർദ്ധനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |