വർക്കല: തീർത്ഥാടന വിനോദസഞ്ചാര മേഖലയായ വർക്കലയിൽ ഭിക്ഷാടകരുടെ എണ്ണത്തിൽ നാൾക്കുനാൾ വർദ്ധന. വർക്കല റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും തെരുവോരങ്ങളിലും പ്രധാന ആരാധനാലയങ്ങൾക്കു സമീപവും ഹോട്ടലുകൾക്ക് മുന്നിലുമെല്ലാം യാചകരുണ്ട്. ഭിക്ഷാടനം തൊഴിലാക്കി ജീവിക്കുന്നവരിൽ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരായിരുന്നു. എന്നാൽ ഈ ധാരണ തിരുത്തുംവിധം പ്രാദേശികമായി യാചകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. പകൽ സമയങ്ങളിൽ അലഞ്ഞുതിരിയുകയും രാത്രിയിൽ വർക്കല മുനിസിപ്പൽ പാർക്ക് പരിസരത്തും കടത്തിണ്ണകളിലും കിടന്നുറങ്ങുന്നു. ചിലർ മാനസികപ്രശ്നങ്ങളുള്ളവരാണ്. വിരലിലെണ്ണാവുന്ന ഇക്കൂട്ടർ സംരക്ഷണം അർഹിക്കുന്നു. ഭിക്ഷാടനം എത്രത്തോളം നിയന്ത്രിക്കാൻ കഴിയുമെന്നത് വസ്തുതാപരമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. പൊതുചർച്ചകൾക്ക് പ്രാധാന്യം നൽകി വിഷയം ഗൗരവമായി കാണണം.
സുരക്ഷാപ്രശ്നങ്ങൾ
പരിഗണിക്കണം
വസ്ത്രങ്ങളായും ഭക്ഷണമായും ഭിക്ഷ വാങ്ങുന്നതിന് മടിക്കുന്നവരാണ് ഭിക്ഷാടന വൃത്തിയിൽ ഏർപ്പെടുന്നവരിൽ ഭൂരിഭാഗവുമെന്ന് കാണാൻ കഴിയും. ഇടറോഡുകളിലൂടെ വീടുകളിലെത്തുന്ന യാചകരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. യാചകർ സംഘം ചേർന്നാൽ ഭവനഭേദനവും മോഷണവും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമൊക്കെ തുടർക്കഥ ആയേക്കാമെന്നുള്ളതും സുരക്ഷാപ്രശ്നങ്ങൾ പരിഗണിക്കണമെന്ന യാഥാർത്ഥ്യവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊലീസും തിരിച്ചറിയേണ്ടതുണ്ട്. അന്യസംസ്ഥാന യാചകരുടെ കാര്യത്തിൽ ഇത് തള്ളിക്കളയാനാവില്ല.
മദ്യപിക്കാനും ഭിക്ഷാടനം
മദ്യപിക്കാനുള്ള പണം കണ്ടെത്തുന്നതിനായി ഭിക്ഷാടനം നടത്തുന്ന നിരവധിപേരെ വർക്കലയിൽ കാണാൻ കഴിയും. ആഹാരത്തിനേക്കാൾ ലഹരിക്ക് പ്രാധാന്യം നൽകി ഭിക്ഷയെടുക്കുന്നത് വിപത്താണെന്ന് സമൂഹം തിരിച്ചറിയേണ്ടതാണ്.
വരുമാനം ലക്ഷ്യമിട്ട്
ദയനീയതയും ദാരിദ്ര്യവും ദുരിതവും രോഗവും വൈകല്യങ്ങളുമെല്ലാം ഭിക്ഷാടന ഉപാധികളായി മാറിക്കഴിഞ്ഞു. ഇവരിൽ ഭൂരിഭാഗവും ഭിക്ഷാടന കച്ചവടക്കണ്ണികളുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണ്. പൊതുവെ നമുക്കിടയിലുള്ള മനുഷ്യത്വവും സഹതാപവുമൊക്കെ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടാണ് ഇക്കൂട്ടർ വളർച്ചയ്ക്ക് തുടക്കമിട്ടത്. സീസൺ തൊഴിലെന്ന രൂപേണ സ്ഥലങ്ങൾ മാറി യാത്രചെയ്യുന്ന ഇവരുടെ ഭിക്ഷാടനവരുമാനം തന്നെയാണ് ഭിക്ഷാടന മാഫിയ എന്ന തലത്തിലേക്ക് മാറാൻ കാരണവും. ഭിക്ഷാടന നിരോധനത്തിനായി ദാരിദ്ര്യ നിർമ്മാർജ്ജനം നാടിന്റെ നയമായി ഇച്ഛാശക്തിയോടെ നടപ്പിലാക്കേണ്ടതുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |