വെഞ്ഞാറമൂട്: മകരത്തിൽ മരം കോച്ചുന്ന തണുപ്പുമില്ല, മഞ്ഞുമില്ല. കാറ്റിലും വെയിലിലും വെന്തുരുകുകയാണ് ടൂറിസം മേഖലയിപ്പോൾ. സഞ്ചാരികളെത്താതെ വേനൽച്ചൂടിൽ വാടിത്തളർന്നിരിക്കുകയാണ് ജില്ലയിലെ മിക്ക ടൂറിസം കേന്ദ്രങ്ങളും. ചൂട് കൂടിയതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ വരവും പേരിനു മാത്രമായി. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ രാവിലെ മുതൽ ഉച്ചവരെ എത്തുന്നത് വിരലിലെണ്ണാവുന്നവർ മാത്രമാണ്. വൈകുന്നേരങ്ങളിൽ സായാഹ്നങ്ങൾ ചിലവിടുന്നതിനായി അല്പം സന്ദർശകരെത്തുന്നു. കൊടുംചൂടിൽ നിന്ന് ആശ്വാസംതേടി മലമുകളിലെ മഞ്ഞും കാഴ്ചകളും തേടിയെത്തുന്നവരുടെ എണ്ണവും കുറഞ്ഞു. ചൂട് കൂടിയതോടെ ഹരിതാഭമായ മലമുകളെല്ലാം ഇല്ലാതെയായി. ഇവിടെല്ലാം തീപിടിത്ത ഭീഷണിയുമുണ്ട്.
സഞ്ചാരികളെത്താതെ
പച്ചപുതച്ച് സഞ്ചാരികളെ മാടിവിളിച്ചിരുന്ന വെള്ളാണിക്കൽ പാറ, കടലുകാണിപ്പാറ എന്നിവിടങ്ങൾ സഞ്ചാരികൾ മറന്ന മട്ടാണ്. വാമനപുരം നദിയിലെ ജലനിരപ്പ് കുറഞ്ഞതോടെ കല്ലാർ, മീൻമുട്ടി എന്നിവിടങ്ങൾ നീർച്ചാലായി. വെള്ളച്ചാട്ടങ്ങളിൽ നീരൊഴുക്ക് കുറഞ്ഞതും അത്യുഷ്ണവുമാണ് സഞ്ചാരികളുടെ പിന്മാറ്റത്തിന് പ്രധാന കാരണം. എന്നാൽ ജലലഭ്യതയുള്ള ഇടങ്ങളിൽ ആളുകളെത്തുന്നുണ്ട്. മങ്കയം, വെള്ളച്ചാട്ടം, പാലരുവി എന്നിവിടങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനയുണ്ട്. വേനൽ കടുത്താൽ വരുംദിവസങ്ങളിൽ ജലാശയങ്ങളിലെ ഉള്ള ജലം കൂടി വറ്റും.
വന്യമൃഗങ്ങളും വരുന്നു
വേനലിന്റെ കാഠിന്യം കൂടിയതോടെ കാട്ടിൽ നിന്നും നാട്ടിലേക്കെത്തുന്ന വന്യമൃഗങ്ങളുടെ വരവും കൂടിയിട്ടുണ്ട്. കാട്ടുപന്നിയും കുരങ്ങും മയിലും മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ കാട്ടുപോത്തും ആനയും കരടിയുമൊക്കെ നാട്ടിൽ വിഹരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |