SignIn
Kerala Kaumudi Online
Friday, 23 October 2026 5.50 PM IST

സ്കൂളുകളിലെ നീന്തൽ പരിശീലനം പ്രഖ്യാപനത്തിൽ ഒതുങ്ങിയോ

കിളിമാനൂർ: വീണ്ടുമൊരു വേനലവധി വരവായി. അവധിക്കാലത്ത് പാറമടകളിലും കയങ്ങളിലും വീണ് വിദ്യാർത്ഥികൾക്ക് അപകടങ്ങൾ സംഭവിക്കുന്നത് പതിവാണ്. സ്‌കൂൾ പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തുമെന്ന സർക്കാർ പ്രഖ്യാപനം ഇപ്പോഴും ജലരേഖയായി തുടരുകയാണ്. റോഡപകടങ്ങൾ കഴിഞ്ഞാൽ സംസ്ഥാനത്ത് കൂടുതലും മുങ്ങിമരണങ്ങളാണ്. സ്‌പോർട്‌സ് കൗൺസിലുകളുടെ നേതൃത്വത്തിൽ നീന്തൽപഠനത്തിന് അവസരം നൽകിയെങ്കിലും വലിയൊരു വിഭാഗം വിദ്യാർത്ഥികളെ പഠിപ്പിക്കാനായില്ല. നീന്തൽ പരിശീലനം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബാലാവകാശ കമ്മിഷനും നിർദ്ദേശിച്ചിരുന്നു. സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ സമ്മർക്യാമ്പും ഒഴിവ് ദിനങ്ങളിൽ നീന്തൽ പരിശീലനവും നടക്കുന്നുണ്ടെങ്കിലും അടുത്തകാലത്തായി സ്‌കൂളുകൾ ഇതിനായി മുന്നോട്ടുവരുന്നില്ലെന്ന് പറയുന്നു. മുൻപ് ശനി, ഞായർ ദിവസങ്ങളിൽ സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികളുടെ സംഘം അദ്ധ്യാപകരുടെ സഹായത്തോടെ ക്ലബുകളിൽ പരിശീലനത്തിനെത്തിയിരുന്നു. എന്നാലിപ്പോൾ അതും ഇല്ല.

സി.പി.ആർ പരിശീലനവും അനിവാര്യം

സി.പി.ആർ പരിശീലനം നേടിയവരിന്ന് വളരെ കുറവാണ്. മിക്ക ലൈഫ് ഗാർഡുകൾക്കു പോലും വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടില്ലെന്ന് പറയുന്നു. രക്ഷിച്ചയാൾക്ക് ബോധമില്ലെങ്കിൽ ഉടൻ ഹൃദയമിടിപ്പ് ഉണ്ടോയെന്നു പരിശോധിച്ച് സി.പി.ആർ നൽകണം. നെഞ്ചിന്റെ കൃത്യം നടുവിൽ മുപ്പതുതവണ അമർത്തിയശേഷം വായിലൂടെ രണ്ടുതവണ കൃത്രിമ ശ്വാസോച്ഛ്വാസവും നൽകണം. കൃത്യമായ പരിശീലനം ലഭിച്ചവർ മാത്രമേ സി.പി.ആർ നൽകാവൂയെന്ന് വിദഗ്ദ്ധർ പറയുന്നു.

ജാഗ്രത വേണം:

ക്ഷേത്രക്കുളങ്ങളിലെ പരിശീലനം സുരക്ഷിതമല്ല. കെട്ടിക്കിടക്കുന്ന വെള്ളം ജലജന്യ രോഗങ്ങൾക്ക് കാരണമാകുന്നു. ഡാമുകളിലെ വെള്ളത്തിന്റെ സാന്ദ്രത കൂടുതലാണ്. പാറക്കെട്ടിൽ ആഴമുള്ള ഭാഗങ്ങളുള്ളതിനാൽ നീന്തൽപരിശീലനം ഏറെ ദുഷ്കരമായിരിക്കും. പഞ്ചായത്തുകളിൽ നീന്തൽക്കുളങ്ങൾ അനിവാര്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL