തിരുവനന്തപുരം: പാറശാല ഷാരോൺ വധകേസിൽ ഇന്ന് വിധി പറയും. രാവിലെ 11ന് നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതിയാണ് വിധിപറയുന്നത്. മൂന്ന് വർഷത്തെ വിചാരണയ്ക്ക് ഒടുവിലാണ് അഡിഷണൽ സെഷൻസ് ജഡ്ജ് എ.എം ബഷീർ ഇന്ന് വിധി പറയുന്നത്. ഒന്നാം പ്രതി ഗ്രീഷ്മയ്ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റമാണ്. രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു,മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലകുമാരൻ നായർ എന്നിവർ തെളിവു നശിപ്പിച്ച കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നിലവിൽ മൂന്ന് പ്രതികൾക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. അന്തിമ വിധി ഇന്നാണെങ്കിലും ശിക്ഷ വിധിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റാൻ സാദ്ധ്യതയുണ്ട്. 95 സാക്ഷികൾ,323 രേഖകൾ 53 തൊണ്ടിമുതലുകൾ പ്രൊസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. ഗ്രീഷ്മ നൽകിയ ഒരു ഗ്ളാസ് കഷായമാണ് താൻ കുടിച്ചതെന്ന മരണമൊഴി കേസിലെ നിർണായ ഘടകമാണ്. വിഷം കലർത്തിയ കഷായമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിലും തെളിഞ്ഞിട്ടുണ്ട്. 2022 ഒക്ടോബർ 14 ന് കാമുകനായ ഷാരോൺ രാജിനെ തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി ഗ്രീഷ്മ കഷായത്തിൽ വിഷം നൽകിയെന്നാണ് കേസ്. 11 ദിവസം മെഡിക്കൽ കോളേജ് ഐ.സി.യു.വിൽ ചികിത്സയിലിരിക്കെയാണ് ഷാരോൺ രാജ് മരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |