
കൊച്ചി: ഓൺലൈൻ ട്രേഡിംഗിൽ കൊള്ളലാഭം വാഗ്ദാനം ചെയ്ത് റിട്ട. ഹൈക്കോടതി ജഡ്ജിയുടെ 90 ലക്ഷം രൂപ തട്ടിയത് സ്ത്രീകളുടെ പേരിൽ വാട്സാപ്പിൽ ചാറ്റ് ചെയ്തവർ. തൃപ്പൂണിത്തുറ എരൂർ നോർത്ത് 'സ്വപ്ന"ത്തിൽ റിട്ട. ജസ്റ്റിസ് എം. ശശിധരൻ നമ്പ്യാരാ(73)ണ് തട്ടിപ്പിനിരയായത്. അദ്ദേഹത്തിന്റെ മൊഴിയനുസരിച്ച് അയന ജോസഫ്, വർഷ സിംഗ് എന്നിവരെ പ്രതിചേർത്ത് ഹിൽപാലസ് പൊലീസ് അന്വേഷണം തുടങ്ങി. പേരുകൾ വ്യാജമാകാമെന്നും പ്രതികളെ തിരിച്ചറിയാൻ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധന തുടരുകയാണെന്നും പൊലീസ് പറഞ്ഞു. വഞ്ചന, ക്രിമിനൽ വിശ്വാസലംഘനം തുടങ്ങിയ വകുപ്പുകളിലാണ് കേസ്.
ട്രേഡിംഗിൽ നിക്ഷേപിക്കുന്ന പണത്തിന് എട്ടര ഇരട്ടി (850%) ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജസ്റ്റിസ് ശശിധരൻ നമ്പ്യാരെ അദ്ദേഹത്തിന്റെ അനുമതി കൂടാതെ അജ്ഞാതർ ആദിത്യ ബിർള ഇക്വിറ്റി ലേണിംഗ് ഗ്രൂപ്പ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്തിരുന്നു. ഇതിൽ 8148788974 നമ്പറിൽ അയനയും 8485970694 നമ്പറിൽ വർഷയും ചെയ്ത ചാറ്റുകളിലാണ് കൊള്ളലാഭം വാഗ്ദാനം നൽകിയത്. തുടർന്ന് വന്ന ലിങ്കിൽ കയറി പണം നിക്ഷേപിക്കാനായിരുന്നു നിർദ്ദേശം. ജസ്റ്റിസ് നമ്പ്യാർ തന്റെ വിവിധ അക്കൗണ്ടുകളിൽ നിന്ന് പലപ്പോഴായി 90 ലക്ഷം രൂപ നിക്ഷേപിച്ചു. ഇതിൽ 28 ലക്ഷം രൂപ പ്രതികളുടെ അക്കൗണ്ടിലെത്താതെ 'ഹോൾഡ്' ചെയ്ത നിലയിലാണ്. ബാങ്കുകളുമായി ബന്ധപ്പെട്ട് ഇതിൽ വ്യക്തത വരുത്തുമെന്ന് പൊലീസ് പറഞ്ഞു. ഈ തുക വീണ്ടെടുക്കാനാകുമെന്നും കരുതുന്നു.
ജസ്റ്റിസ് ശശിധരൻ നമ്പ്യാരുടെ പരാതിയിൽ ഹിൽ പാലസ് പൊലീസ് ജനുവരി 4ന് മൊഴിയെടുത്തു. പിറ്റേന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രതികളുടെ നമ്പറുകൾ ഇപ്പോൾ സ്വിച്ച്ഡ് ഓഫ് ആണ്.
തട്ടിപ്പ് ഇങ്ങനെ
ലിങ്ക് തുറന്ന് പണം നിക്ഷേപിക്കുമ്പോൾ, സ്ക്രീനിൽ നിക്ഷേപിച്ച തുകയും ലാഭവിഹിതവും കാണിക്കും. ഇതിൽ വിശ്വസിച്ചാണ് വീണ്ടും പണം നൽകുന്നത്. തുക പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് തട്ടിപ്പ് ബോദ്ധ്യപ്പെടുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |