തൃശൂർ: രാമവർമ്മപുരം ചിൽഡ്രൻസ് ഹോമിൽ സഹഅന്തേവാസിയുടെ ചുറ്റിക കൊണ്ടുള്ള തലയ്ക്കടിയേറ്റ് പതിനേഴുകാരൻ കൊല്ലപ്പെട്ടു. യു.പി സ്വദേശി അങ്കിത്താണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ആറരയ്ക്കായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന അങ്കിത്തിന്റെ തലയിൽ പതിനഞ്ചുകാരൻ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
ഉടൻ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കവും വാക്കേറ്റവുമുണ്ടായി. ഇതിൽ പതിനഞ്ചുകാരന്റെ ചുണ്ടിൽ മുറിവേറ്റു. കെയർടേക്കർമാർ പ്രശ്‌നം പരിഹരിച്ചെങ്കിലും ഇന്നലെ രാവിലെ പല്ലു തേയ്ക്കുന്നതിനിടെ മുറിവേറ്റ സ്ഥലത്ത് വേദന അനുഭവപ്പെട്ടതോടെ തലേദിവസത്തെ സംഭവത്തിന്റെ വൈരാഗ്യത്തിൽ സ്‌റ്റോർ റൂമിനടുത്ത് കിടന്നിരുന്ന ചുറ്റികയും കത്തിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
എറണാകുളം വടുതലയിലുള്ള അനാഥലയത്തിലായിരുന്നു മരിച്ച അങ്കിത്ത് ആദ്യമുണ്ടായിരുന്നത്. അവിടെ നിന്ന് ചാടിയതോടെ ഇരിങ്ങാലക്കുട ആളൂരിൽ നിന്ന് പിടികൂടി കല്ലേറ്റുംകരയിലുള്ള ജുവനൈൽ ഹോമിലാക്കി. 2023ലാണ് ഇവിടെയെത്തിയത്. രണ്ടാഴ്ച്ചയായി അങ്കിത്ത് മാനസിക വിഭാഗത്തിൽ ചികിത്സയിലാണ്.
മരിച്ച അങ്കിതിന്റെ അമ്മയും മറ്റൊരു സഹോദരനും കല്ലേറ്റുംകരയിലെ ആശ്രമത്തിലാണ്.
ആക്രമണം നടത്തിയ 15കാരൻ ഒരു മാസം മുൻപാണ് ചിൽഡ്രൻസ് ഹോമിലെത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. പതിനെട്ട് വയസ് തികയാറായ അങ്കിതിനെ കണ്ണൂരിലെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കൊലപാതകമുണ്ടായത്. കളക്ടർ അർജുൻ പാണ്ഡ്യൻ സ്ഥലത്തെത്തി,സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. കമ്മിഷണർ ആർ.ഇളങ്കോയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി.കുമാറും സ്ഥലത്തെത്തി അന്വേഷണം നടത്തി. വിയ്യൂർ പൊലീസിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടം നടപടികൾ തൃശൂർ മെഡിക്കൽ കോളേജിൽ പൂർത്തിയാക്കി. സംസ്കാരം പിന്നീട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |