
കഴക്കൂട്ടം: കണിയാപുരം കരിച്ചാറയിൽ യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഒളിവിൽ പോയ പ്രതി തമിഴ്നാട് തിരുനെൽവേലി അംബാസമുദ്രം സ്വദേശി രങ്ക ദുരെെയെ മംഗലപുരം പൊലീസും ഷാഡോ ടീമും ചേർന്ന് തമിഴ്നാട്ടിൽ നിന്ന് പിടികൂടി. കണിയാപുരം കണ്ടൽ നിയാസ് മൻസിലിൽ വിജി എന്ന ഷാനുവിനെ (33) തിങ്കളാഴ്ച വൈകുന്നേരമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഒപ്പം താമസിച്ചിരുന്ന രങ്ക ദുരൈ അന്നുതന്നെ ഒളിവിൽ പോയിരുന്നു. സംഭവ ശേഷം നാട്ടിലെത്തിയ രങ്ക ദുരെെ പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയതോടെ അവിടെ നിന്നു രക്ഷപ്പെട്ടു തെങ്കാശിയിൽ നിന്ന് കേരളത്തിലേക്ക് വരവേയാണ് ഇയാൾ പിടിയിലായത്.
സംഭവദിവസം രാവിലെ കിടപ്പുമുറിയിൽ വച്ച് ഷാനുവിന്റെ കഴുത്തിൽ ഷാൾകൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കയറിൽ കെട്ടി വലിച്ചിഴച്ച് വീടിന്റെ ഹാളിൽ കൊണ്ടിട്ടശേഷം രക്ഷപ്പെടുകയായിരുന്നു. ഷാനുവിന്റെ ദേഹത്തുണ്ടായിരുന്ന സ്വർണ്ണത്തിന്റെ കുറച്ച് ഭാഗം പ്രതിയുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഷാനുവിനെ ഒഴിവാക്കാനായി പലതവണ ശ്രമിച്ചെങ്കിലും നടക്കാതെവന്നതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ഷാനുവിന്റെ നിർബന്ധത്തിനു വഴങ്ങി അടുത്തിടെ സമീപത്തെ ക്ഷേത്രത്തിൽ വച്ച് മാല ചാർത്തി വിവാഹിതരായിരുന്നു.
ആദ്യ ഭർത്താവ് മരിച്ച ശേഷം ഹോട്ടൽ ജീവനക്കാരനുമായ രങ്കനോടൊപ്പമാണ് ഷാനുവും രണ്ടു പെൺമക്കളും താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകിട്ടോടെ ആറിലും പ്ളസ് വണ്ണിലും പഠിക്കുന്ന പെൺ മക്കൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് കിടപ്പ് മുറിക്കടുത്തെ തറയിൽ ഷാനു മരിച്ചുകിടക്കുന്നത് കണ്ടത്. ഏറെനാൾ മുമ്പ് കണിയാപുരത്തെ ഒരു ഹോട്ടലിലെ ജീവനക്കാരിയായിരുന്നു ഷാനു. അവിടെ വച്ചാണ് രങ്കനുമായി അടുപ്പത്തിലായത്. പിന്നീട് വാടക വീട്ടിൽ താമസമാക്കി. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ മംഗലപുരം സി.ഐ ഹേമന്ത് കുമാർ, എസ്.ഐ രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |