തൃശൂർ: അസം സ്വദേശിയായ അഞ്ചുവയസുകാരനെ വെട്ടിക്കൊലപ്പെടുത്തുകയും അമ്മയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ബന്ധുവായ യുവാവ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷ വെള്ളിയാഴ്ച വിധിക്കും. 2023 മാർച്ച് 30ന് മുപ്ലിയത്തുള്ള ഐശ്വര്യ കോൺക്രീറ്റ് ഇഷ്ടിക കമ്പനിയിലായിരുന്നു കൊലപാതകം.
അസമിലെ നഗോൺ സ്വദേശിയും മുപ്ലിയത്തെ ഇഷ്ടിക ഫാക്ടറിയിലെ ജീവനക്കാരുമായിരുന്ന ബഹാരുൾ നജ്മ ഖാത്തൂൺ ദമ്പതിമാരുടെ മകൻ നജ്‌റുൾ ഇസ്‌ലാമാണ് വെട്ടേറ്റ് മരിച്ചത്. നജ്മയുടെ മാതാവിന്റെ ചേച്ചിയുടെ മകനാണ് പ്രതി ജമാൽ ഹുസൈൻ. ഇഷ്ടികക്കമ്പനിയോട് ചേർന്നാണ് കുടുംബം താമസിച്ചിരുന്നത്. സംഭവം നടക്കുന്നതിന്റെ തലേന്നാണ് ജമാൽ ഹുസൈൻ ഇവിടേക്കെത്തുന്നത്. നാട്ടിലെ സ്വത്ത് തർക്കം മൂലം നജ്മയോടും കുടുംബത്തോടും ഇയാൾക്ക് വൈരമുണ്ടായിരുന്നു. അത് പുറത്തുകാണിക്കാതെ നജ്മയോടും കുടുംബത്തോടുമൊപ്പം രാത്രി അവിടെ കഴിഞ്ഞു. പിറ്റേന്ന് രാവിലെ ഏഴിന് ബഹാരുളും മറ്റ് പണിക്കാരും ജോലിക്കായി ഫാക്ടറിയിൽ കയറിയ ഉടനെയായിരുന്നു ആക്രമണം.
അടുക്കളയിൽ ജോലിയിലായിരുന്ന നജ്മയെ ചക്ക വെട്ടാനായി വെച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തലയിലും കൈകളിലും മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അടുത്തിരുന്ന് ഭക്ഷണം കഴിച്ചിരുന്ന അഞ്ചുവയസുകാരൻ നജറുൾ ഇസ്‌ലാമിനെ കഴുത്തിൽ വെട്ടി കൊലപ്പെടുത്തി. ആക്രമണത്തിൽ നജ്മയുടെ വിരൽ അറ്റു. രണ്ട് കൈയും ഒടിഞ്ഞു. തലയിൽ മാരകമായി പരിക്കേറ്റു. കുട്ടി വെട്ടേറ്റയുടൻ മരിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഫാക്ടറിയിലെ ജോലിക്കാരും മറ്റും ചേർന്ന് പിടികൂടി കെട്ടിയിട്ട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |