SignIn
Kerala Kaumudi Online
Friday, 23 October 2026 3.01 AM IST

'പുനഃസമാധി' ക്ക് സാക്ഷ്യം വഹിച്ച് ആറാലുംമൂട് ഗ്രാമം

തിരുവനന്തപുരം: സമാധി കല്ലറ പൊളിച്ച് പുറത്തെടുത്ത ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സമാധിയിരുത്തുന്ന അത്യപൂർവ ചടങ്ങിനാണ് ഇന്നലെ ആറാലുംമൂട് ഗ്രാമം സാക്ഷ്യം വഹിച്ചത്. ഗോപൻ സ്വാമിയുടെ മൃതദേഹം ഹൈന്ദവ സംഘടന നേതാക്കളുടെയും സന്യാസിമാരുടെയും നേതൃത്വത്തിൽ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ നിന്ന് തുറന്ന വാഹനത്തിൽ റോഡിലൂടെ എത്തിച്ചപ്പോൾ അപൂർവ കാഴ്ച കാണാൻ റോഡിനിരുവശവും നിരവധിപേർ കാത്തുനിന്നിരുന്നു. മൃതദേഹം നാമജപയാത്രയായി തുറന്ന വാഹനത്തിൽ കൊണ്ടുപോകുമെന്നറിഞ്ഞതോടെ നെയ്യാറ്റിൻകര നിംസ് ആശുപത്രി പരിസരത്ത് ഇന്നലെ ഉച്ചയോടെ കാഴ്ചക്കാർ നിറഞ്ഞിരുന്നു.

ഗുഡ്‌സ് ഓട്ടോറിക്ഷയിലൊരുക്കിയ പീഠത്തിലാണ് മൃതദേഹം കൊണ്ടുപോയത്.കാഷായ വസ്ത്രം ധരിപ്പിച്ച മൃതദേഹം നാലുപേർ ചേർന്ന് താങ്ങിയെടുത്ത് വാഹനത്തിലെത്തിച്ചു. ഗോപൻ സ്വാമിയുടെ മകൻ സനന്ദനാണ് മൃതദേഹത്തിനരികിൽ ഇരുന്നത്. വൈകിട്ട് 3ഓടെ നാമജപയാത്ര ആരംഭിച്ചു.

അനൗൺസ്‌മെന്റ് വാഹനത്തിന് പിന്നാലെ ഗൂഡല്ലൂർ അംബ ആശ്രമം മഠാധിപതി മഹാമണ്ഡലേശ്വർ ശങ്കരകൃഷ്ണ സരസ്വതി സൂര്യവംശി ആഘോഡ,ഗുജറാത്തിൽ നിന്നെത്തിയ വാസുദേവാനന്ദ പുരി,ബി.ജെ.പി നേതാവ് ചെങ്കൽ രാജശേഖരൻ,വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ,പുഞ്ചക്കരി സുരേന്ദ്രൻ,അതിയന്നൂർ ശ്രീകുമാർ, ബി.ജെ.പി കൗൺസിലർമാരായ അജിത,മഞ്ഞത്തല സുരേഷ് തുടങ്ങിയവർ അനുഗമിച്ചു. പിന്നാലെയായിരുന്നു മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം.

അനൗൺസ്‌മെന്റ് വാഹനത്തിൽ നിന്ന് ശിവസ്തുതികൾ മുഴങ്ങി. നൂറുകണക്കിന് വി.എസ്.ഡി.പി, ബി.ജെ.പി പ്രവർത്തകരും യാത്രയെ അനുഗമിച്ചു. നാമജപയാത്ര തുടരുന്നതിനിടെ ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

ഇതിനിടെ പൊളിച്ച കല്ലറയ്ക്ക് പകരം പുതിയതായി തയ്യാറാക്കിയ സമാധിത്തറയിൽ ഗോപൻസ്വാമിയുടെ ഇളയ മകൻ രാജസേനന്റെ നേതൃത്വത്തിൽ പൂജകൾ നടന്നു. ഭസ്മം കൂടാതെ കർപ്പൂരം,സുഗന്ധ ദ്രവ്യങ്ങൾ എന്നിവ നിരത്തിയാണ് സംസ്കാരം നടത്തിയത്. ചെങ്കൽ മഹേശ്വര ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി കാർമ്മികത്വം വഹിച്ചു. 3.50ഓടെ വീട്ടിലെത്തിച്ച മൃതദേഹം സന്യാസിമാരുടെയുടെ നേതൃത്വത്തിൽ സമാധിത്തറയിലേക്ക് ഇറക്കിവച്ചു. ശംഖുനാദം മുഴക്കിയും ഡമരുവിൽ താളമിട്ടും സന്യാസിമാർ ഒപ്പം ചേർന്നു. ആദ്യമെത്തിച്ച ഭസ്മം കുഴിയിൽ നിറച്ചിട്ടും തികയാതെ വന്നതോടെ വീണ്ടുമെത്തിച്ചു.
ചടങ്ങിന്റെ ഓരോഘട്ടത്തിലും മൈക്കിലൂടെ ഭക്തർക്ക് നേതാക്കൾ നിർദേശം നൽകിക്കൊണ്ടിരുന്നു. ഓം നമഃശിവായ മന്ത്രം ജപിക്കുകയും ഏറ്റുചെല്ലാൻ നിർദ്ദേശിക്കുകയും ചെയ്തു.വലിപ്പമുള്ള കുഴിയായതിനാൽ കുഴി നിറച്ചുതീരാൻ സമയം ഏറെ വേണ്ടിവന്നു.അഞ്ചരമണിയോടെ സമാധിച്ചടങ്ങുകൾ പൂർത്തീകരിച്ച ശേഷമാണ് സന്യാസിമാരും നേതാക്കളും മടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL