
നഗരത്തിലെ പ്രധാന പ്രശ്‌നമാണ് മാലിന്യ
സംസ്കരണം. ഇപ്പോഴും വെല്ലുവിളിയാണോ ?
മാലിന്യ സംസ്‌കരണത്തിൽ എന്തൊക്കെ സംവിധാനങ്ങൾ നഗരസഭ ഒരുക്കിയാലും ഉപയോഗിക്കുവാൻ താത്പര്യമില്ലാത്ത ചെറിയ ശതമാനം ആൾക്കാരെങ്കിലും സമൂഹത്തിലുണ്ട്. അവർ പൊതുയിടങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നത് പതിവാണ്.
അത്തരം സംഭവങ്ങൾ നഗരത്തെയും നഗരസഭയെയും മോശമാക്കാൻ ഇടയാക്കുന്നുണ്ട്. ഇത്തരക്കാരെ കൃത്യമായി പിടികൂടും. മാലിന്യം വലിച്ചെറിയുന്ന വിവരം കൈമാറുന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് ഈടാക്കുന്ന പിഴയുടെ ഒരു നിശ്ചിത ശതമാനം സർക്കാർ ഉത്തരവുപ്രകാരം നേരിട്ട് നിക്ഷേപിക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ നഗരസഭ തയ്യാറാക്കുന്നുണ്ട്.
മഴയിൽ വെള്ളപ്പൊക്കമുണ്ടാകുന്നത് ഒരു പരിധി വരെ
ഈ മാലിന്യങ്ങൾ കാരണമാകുന്നില്ലേ ?
ശാസ്ത്രീയമായുള്ള ഡ്രെയ്‌നേജ് നെറ്റ്‌വർക്കുകളാണ് ഇന്ന് നഗരത്തിൽ രൂപീകരിക്കുന്നത്. കൃത്യമായി മഴവെള്ളം ഒഴുകിപ്പോകുന്ന തരത്തിലുള്ള ഡ്രെയ്‌നേജ് നെറ്റ്‌വർക്ക് സംവിധാനം നഗരസഭ രൂപീകരിച്ചു. അതിതീവ്ര മഴയിൽ ചിലപ്പോൾ വളരെ ചുരുങ്ങിയ സമയത്ത് നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്.
ആമയിഴഞ്ചാൻ തോട് ശുചീകരണത്തിനും
സംരക്ഷണത്തിനും എന്തൊക്കെയാണ് ചെയ്യുന്നത്
ആമയിഴഞ്ചാൻ തോടിന്റെ വശങ്ങളിൽ കൃത്യമായി കമ്പിവേലി കൊണ്ടുള്ള മെഷ് സ്ഥാപിച്ചിട്ടുണ്ട്. സ്ഥിരമായി മാലിന്യം തള്ളുന്ന പ്രദേശങ്ങളിലൊക്കെ ക്യാമറകളുമുണ്ട്. വെള്ളത്തിൽകൂടി ഒഴുകിയെത്തുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ട്രാഷ് ബൂമുകൾ സ്ഥാപിച്ചിട്ടുണ്ട്. രാത്രികാല സ്‌ക്വാഡുകളും രാത്രികാല ഡ്യൂട്ടിക്കായി ജീവനക്കാരെയും നിയോഗിച്ചു. ഇക്കാര്യത്തിൽ പൊതുജനങ്ങൾ സഹകരിക്കുന്നുണ്ട്. തോടിന്റെ നിലവിലെ സ്ഥിതി മാറിയിട്ടുണ്ട്.
വനിതകൾക്കായി പുതിയ പദ്ധതി ?
വനിതാ സെൽ രൂപീകരണം അന്തിമഘട്ടത്തിലാണ്. വിവിധ സന്നദ്ധ സംഘടനകളെ ചേർത്ത് സെൽ രൂപീകരിച്ചുകൊണ്ട് നഗരത്തിലെ വനിതകൾക്ക് ആവശ്യമായിട്ടുള്ള എല്ലാ സൗകര്യങ്ങളും പിന്തുണയും ഉറപ്പുവരുത്തും. ഷീ ലോഡ്ജുകൾ കഴക്കൂട്ടം,ശ്രീകണ്ഠേശ്വരം,ഓവർബ്രിഡ്ജ് എന്നിവടങ്ങളിൽ ആരംഭിച്ചു. അതുപോലെ ഷീ വർക്കിംഗ് സ്‌പേസുകളും നഗരസഭ യാഥാർത്ഥ്യമാക്കി.
ഉദ്യോഗസ്ഥരെക്കുറിച്ച് കൈക്കൂലി ഉൾപ്പെടെ
നിരവധി ആക്ഷേപങ്ങൾ ഉയരുന്നുണ്ട് ?
ചെറിയൊരു ശതമാനം ജീവനക്കാർ തുടരുന്ന ഉത്തരവാദിത്വക്കുറവ് ഇത്തരത്തിലുള്ള ആക്ഷേപങ്ങൾക്ക് കാരണമാകുന്നു.
അഴിമതി നടത്തുന്ന ജീവനക്കാർക്കെതിരെ കൃത്യമായി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൃത്യവും സത്യസന്ധവുമായ ജോലി ചെയ്യുന്ന ജീവനക്കാരെ ചേർത്തുപിടിച്ചിട്ടുമുണ്ട്. ഒരു പൗരന് ഏതൊരു ആവശ്യത്തിനും മേയറെന്ന നിലയിൽ എന്നെ കണ്ടു കാര്യങ്ങൾ പങ്കുവയ്ക്കാം. അതിന് പരിഹാരം കാണുമെന്ന് ഞാൻ ഉറപ്പുനൽകുന്നു.
പ്രതിപക്ഷം എങ്ങനെയാണ് ?
ക്ഷേമ പ്രവർത്തനങ്ങളോട് വിമുഖതയുള്ളത് കൂടാതെ കൗൺസിലിന്റെ പ്രവർത്തനങ്ങളെ സ്ഥിരമായി തടസപ്പെടുത്തുന്ന ഇടപെടലാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുമുള്ളത്. എത്ര പ്രതിഷേധങ്ങൾ സൃഷ്ടിച്ചാലും പൊള്ളയായ ആരോപണങ്ങൾ ഉന്നയിച്ചാലും വിഭാവനം ചെയ്‌ത എല്ലാ വികസന ക്ഷേമ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കും.
തെരുവ് വിളക്ക് പ്രതിസന്ധിയെപ്പറ്റി ?
നഗരത്തിലെ മുഴുവൻ തെരുവ് വിളക്കുകളും എൽ.ഇ.ഡിയിലേക്ക് മാറ്റാനുള്ള പദ്ധതി എന്നിവ
ഏറ്റെടുക്കാൻ കഴിഞ്ഞു. 2000 സോളാർ വിളക്കുകളും സ്ഥാപിച്ചു.
നഗരവാസികളോട് എന്താണ് പറയാനുള്ളത് ?
പൊതുജനങ്ങൾക്ക് അർഹമായിട്ടുള്ള ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും അവർക്ക് ആവശ്യമായിട്ടുള്ള വികസന പദ്ധതികളും സത്യസന്ധമായും നീതിയുക്തമായും നടപ്പിലാക്കും. ഓരോ നഗരവാസിക്ക് വേണ്ടിയും പരമാവധി കാര്യങ്ങൾ ചെയ്യുക എന്നതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായ എന്റെ ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |