SignIn
Kerala Kaumudi Online
Friday, 23 October 2026 6.43 PM IST

സ്കൂളുകൾക്ക് മുന്നിലെ റോഡ്‌ ക്രോസിംഗ്‌ ബുദ്ധിമുട്ടാകുന്നു

കല്ലമ്പലം: സ്കൂളുകൾക്ക് മുന്നിലെ റോഡ്‌ ക്രോസിംഗ്‌ ബുദ്ധിമുട്ടെന്ന് വിദ്യാർത്ഥികൾ. തിരക്കേറിയ റോഡിലെ സീബ്രാലൈൻ മറികടക്കാനാണ് സമയമെടുക്കുന്നത്. മാഞ്ഞുപോയ സീബ്രാലൈൻ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാത്തതും പലപ്പോഴും ബോധപൂർവ്വം ഇവിടെ വാഹനങ്ങൾ നിറുത്താത്തതും അപകടങ്ങൾക്ക് കാരണമാകുന്നു.

ഇതുസംബന്ധിച്ച് ഞെക്കാട് ഗവ.വി.എച്ച്.എസ്.എസ്, കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂ‌ൾ, നാവായിക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ അധികൃതരെ അറിയിച്ചിട്ടും നടപടി ഇല്ലെന്നാണാക്ഷേപം.

കെ.ടി.സി.ടി സ്കൂ‌ൾ വിദ്യാർത്ഥികൾ എം.എൽ.എക്കും പരാതി നൽകിയിരുന്നു. തിരക്കേറിയ ദേശീയപാതയിൽ കടുവയിൽ പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന കെ.ടി.സി.ടി സ്കൂ‌ളിൽ 3000ൽ അധികം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. കൂടാതെ കെ.ടി.സി.ടിയുടെ വിവിധ കോളേജുകളും സമീപ പ്രദേശത്തുണ്ട്.

വിദ്യാർത്ഥികൾ ബുദ്ധിമുട്ടിൽ

3000ൽപരം വിദ്യാർത്ഥികൾ പഠിക്കുന്ന ഞെക്കാട് സ്കൂളിന്റെയും നാവായിക്കുളം സ്കൂളിന്റെയും മുന്നിലും റോഡ് മുറിച്ച് കടക്കാൻ വിദ്യാർത്ഥികൾ ബുദ്ധിമുട്ടുകയാണ്. രാവിലെയും വൈകിട്ടും വിദ്യാർത്ഥികൾ അധികവും റോഡ് മറികടന്നും തിരിച്ചും പോകുന്നവരാണ്. സീബ്രാലൈൻ ആശ്രയിച്ചാണ് ക്രോസ് ചെയ്യുന്നത്. എന്നാൽ അമിത വേഗത്തിൽ വരുന്ന ഒരു വാഹനവും ഇവിടെ നിറുത്താറില്ല.

മറികടക്കൽ പ്രയാസത്തിൽ

സീബ്രാലൈനിൽ കാലെടുത്തുവച്ചാൽ വാഹനം നിറുത്തണം എന്നാണ് നിയമം. എന്നാൽ സീബ്രാ ലൈനിൽ വിദ്യാർത്ഥികളുടെ കൂട്ടം കയറി നിന്ന് ധാരാളം സമയം ക്രോസ് ചെയ്യാൻ ശ്രമിച്ചാൽ നിറുത്തുന്നത് അപൂർവം വാഹനങ്ങളാണ്. മറികടക്കൽ വലിയ പ്രയാസവും അപകടവും നിറഞ്ഞത് ആണെന്ന് വിദ്യാർത്ഥികൾക്ക് ഒപ്പം വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു.

നിയമം ലംഘിച്ച് വാഹനങ്ങൾ

കടുവയിൽ ജംഗ്ഷനിൽ സീബ്രാലൈനിലൂടെ മറികടക്കാൻ ശ്രമിച്ച വീട്ടമ്മയെ ബൈക്കിടിച്ചത് ഒരു മാസം മുൻപാണ്. മാവിൻമൂട്ടിലും ഞെക്കാട് ജംഗ്ഷനിലും ഇത്തരം സംഭവങ്ങൾ അടുത്തിടെ നടന്നതായി വ്യാപാരികൾ പറയുന്നു. സീബ്രാലൈനിന്റെ പ്രാധാന്യം എന്താണെന്നറിയാത്ത ഡ്രൈവർമാരും ഉണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.

പരാതിയും

പ്രധാന ട്രാഫിക് പോയിന്റുകളിൽ ഹെൽമെറ്റ് ധരിക്കാത്തവരെ നോക്കിനിന്ന് മൊബൈലിൽ ഫോട്ടോ എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ, ട്രാഫിക് ഗാർഡുമാർ എന്നിവരെ എപ്പോഴും കാണാം. എന്നാൽ തൊട്ടടുത്ത സീബ്രാലൈനിൽ ക്രോസ് ചെയ്യാൻ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾ, വയോധികർ എന്നിവരെ ഇക്കൂട്ടർ ശ്രദ്ധിക്കാറെയില്ലെന്ന പരാതിയും ശക്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL