കാട്ടാക്കട: നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അജയകുമാറിനെയും സംഘത്തെയും ആക്രമിച്ച കഞ്ചാവ് കടത്തു സംഘത്തിലെ മൂന്നുപേരെ ബലപ്രയോഗത്തിലൂടെ കീഴ്പെടുത്തി.
ഇന്നലെ വൈകിട്ട് കാട്ടാക്കട നക്രാംചിറയിലാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ പ്രിവന്റീവ് ഓഫീസർ വിപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടൂർ വടക്കരികം നാറാണത്ത് കിഴക്കുംകര പുത്തൻവീട്ടിൽ അച്ചു (23),പൂവച്ചൽ കുഴയ്ക്കാട് ശാസ്താംകോണം മഹേഷ് ഭവനിൽ മഹേഷ് (34),പൂവച്ചൽ ആലമുക്ക് കുഴയ്ക്കാട് നെടുങ്കാല പുത്തൻവീട്ടിൽ ശരത് (23) എന്നിവരാണ് പിടിയിലായത്.
അക്രമികളിൽ നിന്ന് 100 ഗ്രാം കഞ്ചാവും 6 സിറിഞ്ചുകളും ആക്രമിക്കാൻ ഉപയോഗിച്ച കത്തിയും പിടിച്ചെടുത്തു.
സ്‌കൂൾ,കോളേജ് കേന്ദ്രീകരിച്ച് എം.ഡി.എം.എ ഉൾപ്പെടെയുള്ള മയക്കുമരുന്ന് വിതരണം ചെയ്യുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നക്രാംചിറയ്ക്ക് സമീപത്തെ പമ്പിൽ വച്ച് മൂന്നുപേരും പിടിയിലായത്. ബൈക്കിലെത്തിയ സംഘത്തെ പരിശോധിക്കാൻ തുടങ്ങിയതോടെ ഇവർ ആക്രമണം നടത്തുകയായിരുന്നു.
ഒടുവിൽ സാഹസികമായി കീഴടക്കുകയായിരുന്നെന്ന് സി.ഐ അജയകുമാർ പറഞ്ഞു. പ്രതികൾക്ക് മയക്കുമരുന്ന് മാഫിയ സംഘവുമായി ബന്ധമുണ്ടെന്നും അവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് എക്‌സൈസ് ഗ്രേഡ് ഇൻസ്‌പെക്ടർ ജയചന്ദ്രൻ,പ്രിവന്റീവ് ഓഫീസർ വിപിൻ,സി.യു.സുരേഷ്‌കുമാർ,ഷിന്റോ എബ്രഹാം,ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |