
നെടുമങ്ങാട്: നെടുമങ്ങാട് താലൂക്കിൽ വിനോദ സഞ്ചാരികൾക്ക് ഇടത്താവളമെന്ന ഏറെക്കാലത്തെ സ്വപ്നം ഒടുവിൽ പൂവണിഞ്ഞു. തെന്മല - തിരുവനന്തപുരം അന്തർസംസ്ഥാന പാതയിൽ പത്താംകല്ലിൽ 10 കോടി രൂപയോളം വിനിയോഗിച്ച് ഉദ്യാനമാതൃകയിൽ നിർമ്മാണം പൂർത്തിയാക്കിയ 'ടൂറിസം മോർട്ടൽ ആരാം" ഒരുങ്ങി.ഫെബ്രുവരി അവസാന വാരത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. ഇതോടെ സർക്കാർ നിയന്ത്രണത്തിലുള്ള ടൂറിസം ഹബിനാണ് നെടുമങ്ങാട് വേദിയാവുന്നത്. താലൂക്കിലെ പ്രമുഖ ഗ്രീൻ സ്പോട്ടുകളിലേയ്ക്കുള്ള യാത്രാക്രമീകരണം, സഞ്ചാരികൾക്ക് താമസം എന്നിവയ്ക്കായി വിപുലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ പാർക്ക്, റസ്റ്റോറന്റ്, ഗസ്റ്റ് ബെഡ് റൂം, സ്റ്റെയർകെയ്സ്, ടോയ്‌ലറ്റ് എന്നിവയാണ് ഒന്നാം നിലയിൽ. കിച്ചൻ, യൂട്ടിലിറ്റി ആൻഡ് പാൻട്രി,ഡോർമെറ്ററി,ടോയ്ലറ്റ്, സ്റ്റോർ എന്നിവ ഗ്രൗണ്ട് ഫ്ലോറിലും. ജലസേചന വകുപ്പിന്റെ കൈവശമുള്ള 1.53 ഏക്കർ ഭൂമിയിൽ വിനോദസഞ്ചാര വകുപ്പാണ് മോർട്ടൽ ആരാം നിർമ്മിച്ചത്. സ്ഥലത്തിന്റെ ഉടമാവകാശം ഇറിഗേഷൻ വകുപ്പിൽ നിലനിറുത്തി, പദ്ധതിയുടെ ലാഭവിഹിതം പകുത്തെടുക്കുന്ന തരത്തിലാണ് വകുപ്പുകൾ തമ്മിലുള്ള കരാർ.
വിസ്മയക്കാഴ്ചകളുടെ കലവറ
അഗസ്ത്യാർകൂടം,പൊന്മുടി,ബോണക്കാട്, അരുവിക്കര,പേപ്പാറ,കോയിക്കൽ കൊട്ടാരം, നാണ്യശേഖര മ്യൂസിയം,ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, പാണ്ടിപ്പത്തും കല്ലാർ മീൻമുട്ടി - മങ്കയം വെള്ളച്ചാട്ടങ്ങൾ, മടവൂർ ഗുഹാക്ഷേത്രം ഉൾപ്പടെ വിസ്മയക്കാഴ്ചകളുടെ അക്ഷയകലവറയാണ് നെടുമങ്ങാട് താലൂക്ക്. വിദേശികളുൾപ്പടെ ലക്ഷക്കണക്കിന് സന്ദർശകർ ഇവിടെയെത്തുന്നുണ്ടെങ്കിലും യാത്രാസൗകര്യമില്ലായ്മയും ശരിയായ ഗൈഡ് ലൈനിന്റെ അഭാവവും താമസിക്കാൻ സുരക്ഷിത ഇടമില്ലാത്തതും സഞ്ചാരികളെ വട്ടം ചുറ്റിക്കുന്നു. മോർട്ടൽ ആരാമിന്റെ വരവോടെ പരാതികൾക്കെല്ലാം പരിഹാരമാവും.
''തെന്മല,പൊന്മുടി,പേപ്പാറ,അരുവിക്കര,കോയിക്കൽ കൊട്ടാരം സന്ദർശകർക്ക് വിശ്രമിക്കാനും ഭക്ഷണത്തിനും സുരക്ഷിത ഇടമായിരിക്കും മോർട്ടൽ ആരാം. വിനോദ സഞ്ചാര ഭൂപടത്തിൽ നെടുമങ്ങാടിനെ ഇക്കോടൂറിസത്തിന്റെ ഇടത്താവളമായി മാറ്റിയെടുക്കുകയാണ് ലക്ഷ്യം""
മന്ത്രി ജി.ആർ.അനിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |