SignIn
Kerala Kaumudi Online
Friday, 23 October 2026 3.26 PM IST

കിണറാഴങ്ങളിലെ അപകടങ്ങൾ

വെഞ്ഞാറമൂട്: വേനൽ കാഠിന്യത്തിൽ കിണറുകളിലും കുളങ്ങളിലും ജലം വറ്റിത്തുടങ്ങിയതോടെ ജനങ്ങൾ കിണറിന്റെ ആഴം കൂട്ടാനും വൃത്തിയാക്കാനും തുടങ്ങി. ഇതോടെ അപകടങ്ങളും വർദ്ധിക്കുകയാണ്. ദിനംപ്രതി നിരവധി പേരാണ് കിണറ്റിലകപ്പെട്ട് രക്ഷയ്ക്കായി ഫയർഫോഴ്സിനെ വിളിക്കുന്നത്. അപകടങ്ങളിൽപ്പെടാതിരിക്കാൻ നിരവധി നിർദ്ദേശങ്ങൾ ഫയർഫോഴ്സ് നൽകുന്നുണ്ട്. ആഴമില്ലാത്ത കിണറുകളിലടക്കം ഓക്‌സിജന്റെ സാന്നിദ്ധ്യം കുറവാണ്. കിണറ്റിലിറങ്ങും മുമ്പ് വായു സഞ്ചാരമുണ്ടോയെന്ന് ഉറപ്പാക്കണം. ഒരു കടലാസ് തീകൊളുത്തി കിണറ്റിലിട്ട് ഇത് മനസിലാക്കാം. കിണറിനടിയിൽ വരെ തീ കെടാതെ കടലാസെത്തിയാൽ ഓക്‌സിജൻ സാന്നിദ്ധ്യം ഉറപ്പിക്കാം. മറിച്ചെങ്കിൽ തീ കെട്ടുപോകുന്ന ആഴം വരെയാകും ഓക്‌സിജനുണ്ടാവുക. അതേസമയം വായുസഞ്ചാരമുണ്ടെങ്കിലും കാർബൺമോണോക്‌സൈഡ് പോലുള്ള വിഷവാതകങ്ങളുടെ സാന്നിദ്ധ്യവും അപകടമുണ്ടാക്കും. ഇത് മുൻകൂട്ടി അറിയാൻ ബുദ്ധിമുട്ടാണ്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മോട്ടോറുകൾ ഉപയോഗിക്കുന്ന കിണറുകളിൽ കാർബൺ മോണോക്‌സൈഡിന്റെ സാന്നിദ്ധ്യത്തിന് സാദ്ധ്യതയേറെയാണ്. കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ പുറത്തെത്തിച്ച് ചികിത്സ നൽകിയില്ലെങ്കിൽ മരണം സംഭവിക്കാം.

കിണറ്റിലിറങ്ങും മുമ്പ് പരിസരത്തെ സുരക്ഷാ പരിശോധന അനിവാര്യം

കിണറിന്റെ സുരക്ഷിതത്വവും ഇറങ്ങുന്നയാളുടെ ശാരീരികക്ഷമതയും ഉറപ്പാക്കണം

ലഹരിപദാർത്ഥങ്ങളുപയോഗിച്ച ശേഷം ഒരിക്കലും കിണറ്റിലിറങ്ങരുത്

കിണറ്റിലിറങ്ങാൻ ഉപയോഗിക്കുന്ന കയർ, ലാഡർ എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്തണം

മൾട്ടി ഗ്യാസ് ഡിറ്റക്ടർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് പരിശോധിക്കാം

അപകടമുണ്ടായാൽ ഉടൻ ആംബുലൻസ്, ഫയർ ആൻഡ് റെസ്‌ക്യു സേവനം തേടണം

സ്‌ഫോടന വസ്തു ഉപയോഗിച്ച് കിണറിന് ആഴം കൂട്ടുന്നത് അധികൃതരെ അറിയിക്കണം. ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ വീണ്ടും താഴേക്ക് ഇറങ്ങരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL