SignIn
Kerala Kaumudi Online
Saturday, 24 October 2026 12.42 AM IST

നേമം സഹകരണ ബാങ്ക് തട്ടിപ്പ്; ഇ.ഡി നോട്ടീസ് അയച്ചുതുടങ്ങി

nemom

തിരുവനന്തപുരം: നേമം സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപത്തട്ടിപ്പിന് ഇരയായവർക്ക് ഇ.ഡി നോട്ടീസ് അയച്ചുതുടങ്ങി. ബാങ്കിലെ നിക്ഷേപകരായ രാജഗോപാലൻ നായർ,എം.എൻ നാസർ,അഖില,ശിവരാമൻ ആശാരി എന്നിവർക്കാണ് ഇന്നലെ നോട്ടീസ് ലഭിച്ചത്. ബാങ്ക് പാസ് ബുക്ക്, നിക്ഷേപ സർട്ടിഫിക്കറ്റ്,തിരിച്ചറിയൽ രേഖകൾ,ബാങ്ക് സെക്രട്ടറി/പ്രസിഡന്റ് എന്നിവരുടെ പേരുകളിൽ കൊടുത്തിട്ടുള്ള പരാതികളുടെ പകർപ്പ്,തിരിച്ചറിയൽ രേഖകൾ,പാസ്‌പോർട്ട്‌ ഫോട്ടോ സഹിതം കൊച്ചിയിലുള്ള ജോയിന്റ് ഡയറക്ടറേറ്റിൽ ഫെബ്രുവരി 3ന് നേരിട്ട് ഹാജരാകണമെന്ന് അസി.ഡയറക്ടർ നിർമൽകുമാർ മോഷ, പ്രിവൻഷൻ ഒഫ് മണി ലോൺടറിംഗ് ആക്ട്(പി.എം.എൽ.എ) അനുസരിച്ച് ആവശ്യപ്പെട്ടു.

നേമം പൊലീസ് രജിസ്റ്റർചെയ്ത കേസിലെ എഫ്.ഐ.ആർ ഉൾപ്പെടെയുള്ള രേഖകൾ ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇ.ഡിയുടെ രംഗപ്രവേശം. ബാങ്കിലെ മുൻ സെക്രട്ടറിമാരെയും ഡയറക്ടർ ബോർഡ് അംഗങ്ങളെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടുണ്ട്. ബാങ്ക് മുൻ സെക്രട്ടറി ബാലചന്ദ്രൻ നായർ നെയ്യാറ്റിൻകര സബ് ജയിലിൽ റിമാൻഡിലാണ്. ഇയാളെ തെളിവെടുപ്പിനായി ക്രൈം ബ്രാഞ്ച് ഉച്ചയ്ക്ക് 12ഓടെ ബാങ്കിൽ കൊണ്ടുവന്നിരുന്നു.

നടപടി സ്വാഗതാർഹം

ബാങ്ക് തട്ടിപ്പിൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് നേമത്തെ റസിഡന്റ്സ് അസോസിയേഷൻ കൂട്ടായ്മയായ ഫ്രാൻസ് ഇ.ഡിയുടെ കൊച്ചിയിലെ ജോയിന്റ് ഡയറക്ടർക്കും കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രിക്കും കേന്ദ്ര അന്വേഷണ വിഭാഗത്തിനും പരാതി നൽകിയിരുന്നു. 100 കോടിയിൽപ്പരം നിക്ഷേപത്തുക നഷ്ടപ്പെട്ടെന്നാണ് പരാതി. കെ.വൈ.സി ചട്ടങ്ങൾ പാലിക്കാതെയാണ് നിക്ഷേപങ്ങൾ സ്വീകരിച്ചതെന്നും ബാങ്ക് മന്ദിര നിർമ്മാണത്തിന് ചട്ടവിരുദ്ധമായി ലക്ഷങ്ങൾ ചെലവിട്ടെന്നും വ്യാജ നിക്ഷേപ സർട്ടിഫിക്കറ്റ് നൽകി കെ.എസ്.എഫ്.ഇയെ പോലും കബളിപ്പിച്ചെന്നും ബാങ്കിൽ സൂക്ഷിച്ചിട്ടുള്ള സ്വർണം പുറത്തുള്ള സ്വകാര്യ ബാങ്കുകളിൽ പണയപ്പെടുത്തി വൻതുക കൈപ്പറ്റി തുടങ്ങിയ പരാതികളാണ് ബാങ്കിനെതിരെ ഉന്നയിച്ചിരുന്നത്.

അതേസമയം, തങ്ങളുടെ പരാതിയിൽ ഇ.ഡി അന്വേഷണത്തിനെത്തിയത് സ്വാഗതാർഹമെന്ന് നിക്ഷേപക കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാൻ, സെക്രട്ടറി കൈമനം സുരേഷ് എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL