SignIn
Kerala Kaumudi Online
Friday, 23 October 2026 7.50 AM IST

മെഡി.കോളേജിലെ റേഡിയോതെറാപ്പി യന്ത്രത്തകരാർ (ഡെക്ക്) കരാർ പുതുക്കാൻ കമ്പനി നൽകിയ അറിയിപ്പുകൾ അവഗണിച്ചു

mch

കുടിശികയുടെ ഒരുഭാഗം നൽകി പ്രശ്നം പരിഹരിക്കാൻ ശ്രമം

പ്രശ്നപരിഹാരം ആവശ്യപ്പെട്ട് ഡി.എം.ഇ കത്ത് നൽകി

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്യാൻസർ രോഗികൾക്ക് റേഡിയേഷൻ നൽകാനുള്ള 3ഡി ലീനിയർ ആക്‌സിലേറ്റർ തകരാറിലായ സംഭവത്തിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് ഗുരുതര വീഴ്ച.

യന്ത്രത്തിന്റെ വാറന്റി കഴിയുന്നതിന് മുൻപേ വാർഷിക കരാർ പുതുക്കണമെന്ന അറിയിപ്പ് വേരിയൻ കമ്പനി പലവട്ടം കെ.എം.എസ്.സി.എല്ലിന് ഇ മെയിലായി നൽകിയിരുന്നു. എന്നാൽ ഇതൊന്നും മുഖവിലയ്ക്കെടുക്കാത്തിന്റെ ഫലമാണ് ഇപ്പോൾ ക്ഷണിച്ചുവരുത്തിയ പ്രതിസന്ധി.

യന്ത്രം തകരാറിലായ വിവരം കേരളകൗമുദിയിലൂടെ പുറത്തുവന്നതിന് പിന്നാലെ പ്രശ്നം പരിഹരിക്കാൻ കെ.എം.എസ്.സി.എൽ തിരക്കിട്ട ശ്രമം തുടങ്ങി. കുടിശികയുടെ ഒരുഭാഗം നൽകാമെന്നും യന്ത്രം ശരിയാക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും കമ്പനിക്കാർ മുഴുവൻ വേണമെന്ന നിലപാടിലാണ്. ഇതോടെ സർക്കാർ സഹായത്തോടെ പ്രശ്നം പരിഹരിക്കാനുള്ള വഴികളും കെ.എം.എസ്.സി.എൽ തേടുന്നുണ്ട്.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ(ഡി.എം.ഇ) കെ.എം.എസ്.സി.എൽ അധികൃതരോട് എത്രയുംവേഗം പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കത്തും നൽകി.

ഇന്നലെയും രോഗികളെ ആർ.സി.സിയിലേക്കും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും റഫർ ചെയ്തു. ചികിത്സ ആരംഭിച്ചവർക്ക് അത് മുടങ്ങാതിരിക്കാൻ കൊബാൾട്ട് യന്ത്രം ഉപയോഗിച്ച് റേഡിയേഷൻ നൽകുന്നുണ്ട്. ഇവരുടെ ചികിത്സാവിവരങ്ങളും നൽകുന്ന മരുന്നിന്റെ ഡോസ് ഉൾപ്പെടെയുള്ളവ മെഡിക്കൽ കോളേജിലെ സിസ്റ്റത്തിലായതിനാൽ ഈ വിവങ്ങൾ മറ്റൊരിടത്തേക്ക് കൈമാറാനാകില്ല. അതിനാലാണ് പഴയ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന കൊബാൾട്ട് യന്ത്രത്തെ ആശ്രയിച്ചിരിക്കുന്നത്.

3 വർഷം മുമ്പ് 14കോടി ചെലവഴിച്ചാണ് യന്ത്രം സ്ഥാപിച്ചത്

നിലവിലുണ്ടായ തകരാർ പരിഹരിക്കാൻ 75 ലക്ഷത്തോളം രൂപ വേണമെന്നാണ് വിവരം

24 മണിക്കൂറിൽ പരിഹരിക്കാം!

3ഡി ലീനിയർ ആക്‌സിലേറ്റർ യന്ത്രത്തിന്റെ എത്ര വലിയ തകരാറുകളും 24 മണിക്കൂറുകൾക്കുള്ളിൽ പരിഹരിക്കാം.ഇതിനുള്ള എൻജിനിയർ സ്ഥലത്തെത്തിയാൽ മതി.തലസ്ഥാനത്ത് കമ്പനിയുടെ എൻജിനിയറുണ്ടായിട്ടും കുടിശികയുള്ളതിനാലാണ് പരിഹാരം അനന്തമായി നീളുന്നത്.വേരിയൻ കമ്പനിയുടെ യന്ത്രമാണെങ്കിലും ഇപ്പോൾ കമ്പനി സീമെൻസ് ഏറ്റെടുത്തു. ഇതോടെ കമ്പനി കുടിശികയുള്ള സ്ഥാപനങ്ങളുമായി സഹകരിക്കേണ്ടെന്ന നിലപാടിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL