
വർക്കല: വർക്കല പൊലീസ് സ്റ്റേഷനിൽ മതിയായ പൊലീസുകാരില്ലാത്തത് സ്റ്റേഷൻ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നതായി പരാതി. 4 എസ്.ഐമാർ വേണ്ടിടത്ത് ഒരാൾപോലുമില്ല. ദീർഘനാളായി അവധിയിലായിരുന്ന പ്രിൻസിപ്പൽ എസ്.ഐയെ സസ്‌പെൻഡ് ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം റെയിഞ്ച് ഡി.ഐ.ജി ഉത്തരവ് ഇറക്കിയിരുന്നു. മറ്റൊരു എസ്.ഐ ദേവസ്വം ബോർഡ് വിജിലൻസിലേക്ക് സ്ഥലം മാറി. ഒരു വനിതാ എസ്.ഐ ഉൾപ്പെടെ 2 എസ്.ഐ പോസ്റ്റുകളിൽ നിയമനമായിട്ടില്ല. എസ്.ഐയുടെ അഭാവത്തിൽ ഗ്രേഡ് എസ്.ഐമാരാണ് കേസുകൾ കൈകാര്യം ചെയ്യേണ്ടിവരുന്നത്. നിയമനം വൈകുന്നത് നിലവിലെ ഉദ്യോഗസ്ഥരുടെ ജോലിഭാരം ഇരട്ടിയാക്കാൻ കാരണമാകും. എസ്.എച്ച്.ഒ സ്ഥലം മാറി പോയെങ്കിലും പകരം ആളെത്തിയിട്ടുണ്ട്.
സ്റ്റേഷൻ പുതിയ കെട്ടിടമാണെങ്കിലും മഴക്കാലത്ത് സ്റ്റേഷൻ വരാന്ത ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്.
ഒഴിവുകൾ നികത്തണം
15 എസ്.സി.പി.ഒമാർ വേണ്ടിടത്ത് 10 പേരും 30 സി.പി.ഒമാർ വേണ്ടിടത്ത് 25 പേരും 4 വനിതാ സിവിൽ പൊലീസ് ഓഫീസർമാർ വേണ്ടിടത്ത് 2 പേരാണുള്ളത്. നിലവിലെ അംഗബലത്തിൽ നിന്ന് 5 പേരെ ഡെൽറ്റ ഡ്യൂട്ടിക്കായി ഡിവൈ.എസ്.പി ഓഫീസിലും ഹൈവേ ഡ്യൂട്ടിക്കായി രണ്ട് പേരെയും വിട്ട് നൽകുന്നതുൾപ്പെടെ സ്ഥിരം ഡ്യൂട്ടിക്കായി ദിനവും മുപ്പതിലധികം ഉദ്യോഗസ്ഥരുടെ സേവനം സ്റ്റേഷൻ പ്രവർത്തനത്തിന് അനിവാര്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |