
മടവൂർ: മടവൂർ ഗ്രാമത്തിൽ വേനൽച്ചൂടിനെ പ്രതിരോധിക്കാനാവശ്യമായ നടപടികൾ ഇഴഞ്ഞുനീങ്ങുന്നതായി പരാതി. വലിയകുന്ന്, കക്കോട്, കാഞ്ഞാംവിള, മാങ്കുഴി പഞ്ചായത്തുകളിലെ പല ഉയർന്ന പ്രദേശങ്ങളിലും ഇതിനകം കുടിവെള്ളക്ഷാമം നേരിടുന്നതായി നാട്ടുകാർ പറയുന്നു. പഞ്ചായത്തുവക കിണറുകളും ഇരുപതോളം കുഴൽക്കിണറുകളും നിലവിലുണ്ടെങ്കിലും ഒന്നോ രണ്ടോ കുഴൽക്കിണറുകളൊഴികെ മറ്റൊന്നും പ്രവർത്തനയോഗ്യമല്ല. വലിയകുന്ന് കോളനിപ്രദേശത്ത് പഞ്ചായത്ത് കിണറും കുഴൽക്കിണറും ഉപയോഗശൂന്യമായിട്ട് വർഷങ്ങളായി.ഗ്രാമവാസികൾ വെള്ളത്തിനായി താഴ്‌വാരത്തെ ജലസ്രോതസുകളെയാണ് ആശ്രയിക്കുന്നത്. വേനലാകുന്നതോടെ താഴ്‌വാരത്തെ ജലലഭ്യതയും കുറഞ്ഞു. ഗ്രാമത്തിലെ പലപ്രദേശങ്ങളിലും കുഴൽക്കിണറുകളും അനുബന്ധ പൈപ്പ്ലൈനുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും സ്ഥാപിച്ചതിനേക്കാൾ വേഗത്തിൽ പ്രവർത്തനരഹിതമായി. സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താതായതോടെ പ്രവർത്തനരഹിതമായ കുഴൽക്കിണകളും പഞ്ചായത്ത് കിണറുകളും നോക്കുകുത്തികളായി അവശേഷിക്കുന്നു. ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലയിടങ്ങളിലും പൈപ്പുകൾ സ്ഥാപിച്ചതിൽ വെള്ളം ലഭ്യമല്ലെന്ന പരാതിയും ഉയരുന്നുണ്ട്. മടവൂർ ജംഗ്ഷനിൽ വേനൽക്കാലങ്ങളിൽ പലതവണ തീപിടിത്തമുണ്ടായത് അണയ്ക്കാൻ അഗ്നിരക്ഷാസേനയുടെ സഹായം തേടുന്നതാണ് പതിവ്. തീപിടിത്തമുണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാർഷികരംഗം
വേനൽക്കാലത്തെ അസഹ്യമായ ചൂട് കൃഷിയെയും സാരമായി ബാധിക്കുന്നു. കാർഷിക വിളകൾക്ക് വെള്ളമെത്തിക്കുന്നതിനായി പ്രത്യേക പദ്ധതിയൊന്നും തന്നെ നിലവിലില്ല. പാറക്വാറികളിലെ വെള്ളം സമീപപ്രദേശങ്ങളിൽ കാർഷികാവശ്യത്തിനായി ഉപയോഗപ്പെടുത്താൻ കഴിയും. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ വയൽക്കുളങ്ങൾ നിർമ്മിച്ച് മഴവെള്ളം സംഭരിച്ച് കൃഷിയാവശ്യത്തിനുപയോഗിക്കാമെങ്കിലും ഇനിയും അവ നടപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നു. എന്നാൽ പല കർഷകരും മഴക്കുഴികൾ നിർമ്മിച്ച് മഴവെള്ളം സംഭരിച്ചുപയോഗിക്കുന്ന രീതി കണ്ടുവരുന്നുണ്ട്.
ആരോഗ്യരംഗം
കഴിഞ്ഞ വേനലിനെ അപേക്ഷിച്ച് മൂന്ന് ഡിഗ്രി വരെ ചൂടു കൂടാമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് കുടുംബശ്രീ യൂണിറ്റുകളിലും തൊഴിലുറപ്പ് കേന്ദ്രങ്ങളിലും അങ്കണവാടികളിലുമുൾപ്പെടെ ബോധവത്കരണ ക്ലാസുകൾ മുൻകാലങ്ങളിലെന്നപോലെ നടത്തിവരുന്നതായി ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് ബാബു അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |