കിളിമാനൂർ: രാത്രികാലങ്ങളിൽ കിളിമാനൂരെത്തുന്നവർ കൈയിൽ ചൂട്ടോ, ലൈറ്റോ കരുതേണ്ട അവസ്ഥയാണ്. ഇവിടെയുള്ള വഴിവിളക്കുകൾ കത്താത്തതാണ് കാരണം. സന്ധ്യ കഴിഞ്ഞ് വ്യാപാര സ്ഥാപനങ്ങളിലെ വിളക്കുകൾ അണഞ്ഞാൽ കിളിമാനൂർ ടൗൺ കൂരിരുട്ടിലാകും. രാത്രികാലങ്ങളിൽ വിദൂര ദേശങ്ങളിൽ നിന്നുൾപ്പെടെ ജോലി കഴിഞ്ഞ് കിളിമാനൂരിലെത്തുന്ന നൂറുകണക്കിന് യാത്രക്കാർ കഴിഞ്ഞ കുറേക്കാലമായി ഇരുട്ടിൽത്തപ്പേണ്ട ദുരവസ്ഥയിലാണ്. സംസ്ഥാന പാതയും ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന ആലംകോട് റോഡും സന്ധിക്കുന്ന കിളിമാനൂർ ജംഗ്ഷനിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാതെ വന്നതോടെ രാത്രികാലങ്ങളിൽ സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാർ സാമൂഹിക വിരുദ്ധരുൾപ്പെടെയുള്ളവരുടെ ആക്രമണ ഭീഷണിയിലാണ്. പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് ടൗണിൽ വർഷങ്ങൾക്കു മുമ്പ് തെരുവ് വിളക്കുകൾ സ്ഥാപിച്ചിരുന്നു. ഇവയൊക്കെ കഴിഞ്ഞ കുറെക്കാലമായി കത്തുന്നില്ല. ടൗൺ ഇരുട്ടിലായതിനെ തുടർന്ന് നാട്ടുകാരും ടാക്സി ഡ്രൈവർമാരുമുൾപ്പെടെ അധികൃതർക്ക് പരാതി നൽകിയിരുന്നു. കിളിമാനൂർ ടൗണിനൊപ്പം പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി സ്ഥാപിച്ചിട്ടുള്ള തെരുവ് വിളക്കുകളിൽ ഭൂരിഭാഗവും മാസങ്ങളായി പ്രകാശിക്കാതെ കിടക്കുകയാണ്.
അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയില്ല
തെരുവ് വിളക്കുകൾ കത്തിക്കുന്നതിനായി പ്രതിമാസം ലക്ഷക്കണക്കിന് രൂപയാണ് പഞ്ചായത്ത് ഇലക്ട്രിസിറ്റി ബോർഡിന് അടയ്ക്കുന്നത്. എന്നാൽ വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനായി അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമില്ല. കെ.എസ്.ടി.പിയുടെ നേതൃത്വത്തിലും തെരുവ് വിളക്കുകൾ സംസ്ഥാനപാതയിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയും പ്രകാശിപ്പിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഒരു ലൈറ്റ് പോലും പ്രകാശിക്കാത്തതിനാൽ ഇവിടെ രാത്രി കാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇവിടെയുള്ള ഹൈമാസ്റ്റ് ലൈറ്റും കത്താത്ത നിലയിലാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |