കിളിമാനൂർ: വേനലിൽ താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ വളർത്തുമൃഗങ്ങൾക്കും കരുതൽ വേണമെന്ന മുന്നറിയിപ്പ് നൽകി മൃഗസംരക്ഷണവകുപ്പ്. കടുത്ത വേനലിൽ വളർത്തുമൃഗങ്ങൾക്ക് സൂര്യാഘാതമേൽക്കാൻ സാദ്ധ്യതയേറെയാണെന്നും പകൽ 11നും വൈകിട്ട് 3നും ഇടയിൽ തുറസായ സ്ഥലങ്ങളിൽ മേയാൻ വിടരുതെന്നും പാടത്ത് കെട്ടിയിടരുതെന്നും അധികൃതർ അറിയിച്ചു. ആസ്ബസ്റ്റോസ് ഷീറ്റോ തകര ഷീറ്റോ കൊണ്ട് മേഞ്ഞ കൂടാരങ്ങളിൽ നിന്ന് പുറത്തിറക്കി മരത്തണലിൽ കെട്ടാൻ ശ്രദ്ധിക്കണം. തൊഴുത്തിൽ മുഴുവൻ സമയവും ഫാനുകൾ പ്രവർത്തിപ്പിക്കുന്നത് നല്ലതാണ്. തെങ്ങോല, ടാർപോളിൻ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് മേൽക്കൂരയ്ക്ക് കീഴെ സീലിംഗ് ഒരുക്കുന്നതും ചൂട് കുറയ്ക്കും. സ്പ്രിംഗ്ലർ, ഷവർ എന്നിവ ഉപയോഗിച്ച് അരമണിക്കൂർ കൂടുമ്പോൾ പശുക്കളെ നനയ്ക്കുന്നത് ഉഷ്ണസമ്മർദ്ദം കുറക്കാൻ സഹായിക്കുന്നു. വാഹനത്തിൽ കയറ്റിയുള്ള ദീർഘദൂര യാത്രകൾ രാവിലെയും വൈകിട്ടുമായി ക്രമീകരിക്കണം.
നിർജലീകരണം തടയാനും പാൽക്കറവയുടെ നഷ്ടം കുറയ്ക്കാനും തൊഴുത്തിൽ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം
കുടിവെള്ളം ചൂടാകുന്നത് തടയാൻ വെള്ള ടാങ്കുകളും വിതരണ പൈപ്പുകളും നനച്ച ചണച്ചാക്ക് ഉപയോഗിച്ച് പൊതിയാം
വേനലിൽ കഴിക്കുന്ന കാലിത്തീറ്റയുടെ അളവ് കുറയുന്നതിനാൽ ഏറ്റവും നിലവാരമുള്ള തീറ്റതന്നെ നൽകണം
ധാതുലവണ മിശ്രിതങ്ങൾ തീറ്റയിൽ ചേർക്കണം
മേൽക്കൂര തണുപ്പിക്കണം
വളർത്തു കോഴികളിൽ ബ്രോയ്ലർ കോഴികളെയാണ് ചൂട് കൂടുതൽ ബാധിക്കുക. ചൂട് കുറഞ്ഞ സമയങ്ങളിൽ രണ്ടുമൂന്ന് തവണ തറവിരി ഇളക്കിയിടണം. ചകിരിച്ചോറാണ് നല്ല തറവിരി. സ്പ്രിംഗ്ലർ ഉപയോഗിച്ച് മേൽക്കൂര തണുപ്പിക്കണം. മേൽക്കൂരയ്ക്ക് മുകളിൽ തെങ്ങോലയോ ചണച്ചാക്കോ വിരിക്കുന്നതും വള്ളിച്ചെടികൾ പടർത്തുന്നതും ചൂട് കുറയാൻ സഹായിക്കും. മേൽക്കൂര കഴിയുമെങ്കിൽ വെള്ളപൂശണം. ഐസിട്ട വെള്ളം കുടിക്കാൻ നൽകണം. എക്‌സോസ്റ്റ് ഫാനുകൾ കൂട്ടിൽ ഘടിപ്പിക്കേണ്ടതുണ്ട്.
നായകൾക്കും പൂച്ചകൾക്കും ശ്രദ്ധവേണം
വിയർപ്പുഗ്രന്ഥികൾ വളരെ കുറവായതിനാൽ വിയർത്തൊന്ന് ശരീരം തണുപ്പിക്കാൻ കഴിയാത്തവയാണ് നായകളും പൂച്ചകളും. കട്ടിയുള്ള രോമാവരണമുള്ള ജർമ്മൻ ഷെപ്പേർഡ് പോലുള്ള ഇനങ്ങൾക്കും സൂര്യാഘാത സാദ്ധ്യത ഏറെയാണ്.വളർത്തു നായകൾക്കും അലങ്കാര പൂച്ചകൾക്കും മുമ്പിൽ തണുത്ത കുടിവെള്ളം എപ്പോഴും കരുതണം. നായ്ക്കൂടുകൾക്ക് മുകളിൽ തണൽ വലകൾ അല്പം ഉയരത്തിൽ വിരിക്കണം. ചൂടുകൂടിയ സമയങ്ങളിൽ തീറ്റ ഒഴിവാക്കാം. ഒരു ദിവസം നൽകുന്ന തീറ്റ പലതവണകളായി നൽകാം. ആഹാരത്തിൽ തൈര് അല്ലെങ്കിൽ ജീവകം സി നൽകേണ്ടതുണ്ട്. ദിവസവും ദേഹം ബ്രഷ് ചെയ്യണം. ചൂടുള്ള പകലിൽ നായകളെയും പൂച്ചകളെയും കാറിനുള്ളിലോ മുറിക്കുള്ളിലോ അടച്ച് പുറത്തുപോകരുത്. സൂര്യാഘാതമേറ്റാൽ നായകളെ തണലിടങ്ങളിലേക്ക് മാറ്റി തണുത്ത വെള്ളത്തിൽ മുക്കിയ ടവൽ മേനിയിൽ പുതപ്പിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |