SignIn
Kerala Kaumudi Online
Friday, 23 October 2026 7.58 AM IST

കേരള യൂണിവേഴ്സിറ്റി വി.സിയുടെ ചേംബർ ഉപരോധിച്ച് എസ്.എഫ്.ഐ 14 പേർ അറസ്റ്റിൽ

സെക്യൂരിറ്റി ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: കേരള സർവകലാശാലാ സെനറ്റ് ക്യാമ്പസിൽ പന്തൽ കെട്ടി സമരം ചെയ്യുന്ന എസ്.എഫ്.ഐക്കാർ വൈസ്ചാൻസലറുടെ ചേംബർ ഉപരോധിച്ചു.14പേരെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഫലം പ്രഖ്യാപിക്കാത്തതിലും യൂണിയൻ രൂപീകരിക്കാനാവാത്തതിലും പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ 11ദിവസമായി പന്തൽ കെട്ടി സമരം നടത്തുന്നത്.

ഫലം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള മൂന്ന് ഹർജികൾ ഇന്നലെ പരിഗണിച്ച ഹൈക്കോടതി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചു. വൈസ്ചാൻസലറുടെ സത്യവാങ്മൂലം യൂണിവേഴ്സിറ്റി അഭിഭാഷകൻ ഹർജിക്കാർക്ക് കൈമാറാത്തതിനാലാണിത്. കോടതി നടപടികൾ കഴിഞ്ഞതിനു പിന്നാലെ ഉച്ചയ്ക്ക് ഒന്നേകാലോടെ വിദ്യാർത്ഥികൾ വി.സിയുടെ മുറിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. രണ്ട് മണിക്കൂറോളം അവിടെ ഉപരോധിച്ചു. രജിസ്ട്രാറുടെ ആവശ്യപ്രകാരം മൂന്നേകാലോടെ പൊലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

വിദ്യാർത്ഥികൾ ത്രിതല സുരക്ഷാതലം മറികടന്ന് വി.സിയുടെ ചേംബറിൽ കയറിയതിൽ സുരക്ഷാപാളിച്ചയുണ്ടായതിനാൽ, സെക്യൂരിറ്റി ഓഫീസിലേക്ക് വി.സി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഉപരോധത്തിൽ വിസിയുടെ ഓഫീസിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി റിപ്പോർട്ട് ചെയ്യാൻ യൂണിവേഴ്സിറ്റി എൻജീനിയറെ ചുമതലപ്പെടുത്തി. വിസി ഡോ.മോഹനൻ കുന്നുമ്മേൽ ഇന്നലെയും ഓഫീസിൽ ഹാജരായില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഉത്തരവുണ്ടാവാതെ യൂണിയൻ രൂപീകരണം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാനാവില്ലെന്നാണ് വി.സിയുടെ നിലപാട്. യൂണിയൻ തിരഞ്ഞെടുപ്പിന്റെ രേഖകൾ ലഭിക്കാതെ വിജ്ഞാപനം പുറപ്പെടുവിക്കാനാവില്ലെന്ന സത്യവാങ്മൂലമാണ് വി.സി കോടതിയിൽ നൽകിയത്.

ഈ വർഷത്തെ യൂണിവേഴ്സിറ്റി യുവജനോത്സവം നടത്തുന്നതിനു മുമ്പ് യൂണിയൻ നിലവിൽ വരണമെന്നാണ് എസ്.എഫ്.ഐയുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL