ട്രക്കിംഗ് 22ന് അവസാനിക്കും
തിരുവനന്തപുരം: അഗസ്ത്യാർകൂടം ട്രക്കിംഗ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ജനുവരി 20നാണ് തുടങ്ങിയത്. ഈമാസം 22ന് അവസാനിക്കും. ഓരോ ദിവസവും നൂറുപേർക്കാണ് മലകയറാൻ അവസരം. 70 പേർക്ക് ഓൺലൈനായും 30 പേർക്ക് ഓഫ്‌ലൈനായും. സീസൺ തുടങ്ങി ഇതുവരെ 1972പേർ എത്തി.
ആദ്യദിനം നദികളും പുൽപ്പരപ്പുകളും മലയിടുക്കുകളും പിന്നിട്ട് അതിരുമലയിൽ യാത്ര അവസാനിക്കും. ഇവിടെ വനം വകുപ്പിന്റെ വിശ്രമ കേന്ദ്രമുണ്ട്. രാത്രി ഭക്ഷണം അധികൃതർ നൽകും. അത് കഴിച്ച് വിശ്രമിക്കാം. രണ്ടാംദിനം അതിരാവിലെ യാത്രതുടങ്ങും. ഉച്ചയോടെ പ്രകൃതിയുടെ ശ്രീകോവിലിൽ എത്തിച്ചേരും. കോടതി വിധിയെ തുടർന്ന് സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.
കാടറിഞ്ഞ് യാത്ര
തിരുവനന്തപുരത്തു നിന്ന് 60 കിലോമീറ്റർ അകലെ ബോണക്കാട് നിന്നാണ് സഞ്ചാരത്തിന്റെ തുടക്കം. കൊടുംകാട്ടിലൂടെ കാൽനടയായാണ് മലകയറ്റം. ആനക്കൂട്ടങ്ങളും കാട്ടുപോത്തുകളും മലയണ്ണാനും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വന്യജീവികൾ. അപൂർവ വൃക്ഷങ്ങളായ ഇരുമ്പകം, കമ്പകം, മഞ്ഞാറ തുടങ്ങി ആയിരക്കണക്കിന് വൃക്ഷലതാദികളും ഇവിടെയുണ്ട്.
6,200 അടി ഉയരം
ആയുർവേദത്തിന് സമാനമായി തമിഴ്‌നാട്ടിൽ പ്രചരിച്ച സിദ്ധവൈദ്യത്തിന്റെ ആചാര്യനാണ് അഗസ്ത്യമുനി. ആനമുടി കഴിഞ്ഞാൽ ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മലയാണ് നെയ്യാർ ടൈഗർ റിസർവിന് കീഴിലുള്ള അഗസ്ത്യാർകൂടം. 6200 അടി ഉയരം. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട പ്രദേശം.
പ്ലാസ്റ്റിക്കിന് നോ എൻട്രി
സഞ്ചാരികൾ പ്ലാസ്റ്റിക് വസ്തുക്കൾ കാട്ടിൽ ഉപേക്ഷിക്കുന്നില്ലെന്ന് ഉറപ്പാക്കിയാണ് വനപാലകർ കടത്തിവിടുന്നത്. അതിരുമലയിൽ ഭക്ഷണപ്പൊതി ഇലയിലാണ് നൽകുന്നത്. പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കൊണ്ടുപോയാൽ യാത്രാവേളയിൽ അത് പരിശോധിച്ച് രേഖപ്പെടുത്തും. മടങ്ങിവരുമ്പോൾ കുപ്പി തിരികെ എത്തിച്ചുവെന്ന് വനപാലകരെ ബോദ്ധ്യപ്പെടുത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |