
ആറ്റിങ്ങൽ: അസൗകര്യങ്ങൾക്കു നടുവിൽ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്. പൊരിവെയിലത്ത് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് കയറി നിൽക്കാൻ കാത്തിരിപ്പ്കേന്ദ്രമോ, അടിസ്ഥാനസൗകര്യമോ ഇവിടെയില്ല. ബസ് സ്റ്റാൻഡിന്റെ മദ്ധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന യാത്രക്കാരുടെ കാത്തിരിപ്പുകേന്ദ്രം ഏത് സമയത്തും കാറ്റിൽ പറക്കുകയോ തകരുകയോ ചെയ്യാം. ഇതിന്റെ മേൽക്കൂരയും യാത്രക്കാർക്ക് കയറിയിരിക്കാനുള്ള പൈപ്പ് ബെഞ്ചുകളും തകർന്ന നിലയിലാണ്. ബസ് കയറാതിരിക്കുന്നതിനായി ഇരുമ്പ് പൈപ്പിൽ നിർമ്മിച്ച കവചവും ബസിടിച്ച് തകർന്ന നിലയിലാണ്. കാത്തിരിപ്പു കേന്ദ്രത്തിന്റെ മേൽക്കൂരയിൽ പ്ലാസ്റ്റിക്ക് ഷീറ്റ് കയറിട്ട് കെട്ടിയിരിക്കുകയാണ്. പൊരിവെയിലിലും മഴയത്തും കാത്തിരിപ്പ് കേന്ദ്രവും സ്റ്റാൻഡും യാത്രക്കാർക്ക് ഒരുപോലെയാണ്. തൊട്ടടുത്ത് ഉദ്യോഗസ്ഥർക്കും, യാത്രക്കാർക്കും വിശ്രമിക്കുന്നതിനായി 2007-08ൽ ആനത്തലവട്ടം ആനന്ദൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക ചെലവഴിച്ച് നിർമ്മിച്ച വിശ്രമകേന്ദ്രത്തിനും സംരക്ഷണവും അറ്റകുറ്റപ്പണികളും യഥാസമയം നടത്താത്തതിനാൽ നാശത്തിന്റെ വക്കിലാണ്.
ഇടിഞ്ഞുതകർന്നു
കെട്ടിടത്തിന്റെ മുൻവശത്തെ സൺഷെയ്ഡ് ഇടിഞ്ഞു വീണിട്ട് വർഷങ്ങളായി. കെട്ടിടത്തിന്റെ മുകളിൽ ഇലകളും പാഴ്വസ്ത്തുക്കളും വീണ് മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്നു. നിരവധി ഭാഗങ്ങളിൽ ഇതിനകം പൊട്ടലുണ്ടായിട്ടുണ്ട്. സ്റ്റാൻഡിലെ രണ്ട് കെട്ടിടങ്ങളിൽ യാത്രക്കാർക്ക് പണം നൽകി ഉപയോഗിക്കാൻ ടോയ്ലെറ്റുകളുണ്ട്. എന്നാൽ വേനൽ കടുക്കുന്നതോടെ ഇവിടേക്കുള്ള ജലവിതരണം പതിവായി മുടങ്ങുന്നു. രാത്രിയിൽ സ്ത്രീകൾക്കുപോലും അടിയന്തരാവശ്യത്തിന് ടോയ്ലെറ്റുകൾ ഉപയോഗിക്കാനാവാത്ത സ്ഥിതിയുമുണ്ട്.
പുതുക്കാത്ത പട്ടിക
കാലഹരണപ്പെട്ട ബസ് വിവരണ പട്ടികയാണിവിടെ ഇപ്പോഴുമുള്ളത്. വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച യാത്രാബോർഡ് മാറ്റി സ്ഥാപിക്കാനും അധികൃതർ തയ്യാറാവുന്നില്ല. രാത്രി ബസ് സ്റ്റേഷനിൽ സുരക്ഷാ ജീവനക്കാരുടെ കുറവും യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഇതിനെല്ലാം പുറമെ തെരുവുനായ്ക്കളുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |