SignIn
Kerala Kaumudi Online
Friday, 23 October 2026 4.58 PM IST

ഗ്രാമീണ റോഡുകളിൽ മരണപ്പാച്ചിലുകൾ പതിവ്

hi

കിളിമാനൂർ: പാറക്ക്വാറികളിൽ നിന്നുള്ള പാറകളും മറ്റ് അനുബന്ധ സാധനങ്ങളും നിറച്ച് അമിതഭാരവുമായി ടിപ്പറുകളും ടോറസും മിനിട്ടുകളിടവിട്ട് മരണപ്പാച്ചിൽ നടത്തുന്നത് അപകടഭീഷണിയാകുന്നു. തൊളിക്കുഴി -കുറവൻകുഴി റോഡിലാണ് രാത്രിയും പകലുമെന്നില്ലാതെ ക്വാറികളിൽ നിന്നും അനുവദനീയമായ ഭാരത്തിൽ കൂടുതൽ ലോഡുമായി പായുന്നത്. തൊളിക്കുഴി - കുറവുംകുഴി റോഡിന്റെയും അടയമൺ തേരിയിൽ സൈഡ് വാളിന്റെയും പുനർനിർമ്മാണം നടക്കുകയാണ്. ഒരു വണ്ടിക്ക് പോലും പോവാൻ കഴിയാതെ റോഡ് അപകടാവസ്ഥയിലുള്ളപ്പോഴാണ് അമിതഭാരവുമായി ടോറസുകൾ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് കടന്നുപോകുന്നത്. തൊളിക്കുഴി എൽ.പി.എസ്, അടയമൺ യു.പി.എസ്, അടയമൺ എൽ.പി സ്കൂൾ തുടങ്ങിയ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ഭീതിയിലാണ്. അടയമൺ തേരിയിൽ ഓട നിർമ്മാണം പുരോഗമിക്കുന്നതിനാൽ ഒരു വാഹനം പോകുന്നതുതന്നെ ഏറെ പ്രയാസപ്പെട്ടാണ്. അടയമൺ മുതൽ കുറവൻകുഴി വരെ റോഡിന്റെ ഒരു ഭാഗം പുനർനിർമ്മാണത്തിനായി ഇളക്കിയിട്ടിരിക്കുകയാണ്. ഒരുകാലത്ത് വയലായിരുന്ന വളവുകളും തിരിവുകളും ഏറെയുള്ള ഈ ഗ്രാമീണ റോഡിൽ റോഡുപണി നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം വരുത്തിയിട്ടും ടോറസുകൾ മരണപ്പാച്ചിൽ നടത്തുന്നു. ഇതിനെതിരെ നാട്ടുകാർ പരാതിപ്പെട്ടിട്ടും അധികാരികൾ നടപടികൾ കൈക്കൊള്ളുന്നില്ല.

അപകടങ്ങൾക്ക് കാരണമാവും

ടാർ ഇളക്കിയിട്ടിരിക്കുന്നതിനാൽ ഇളകിക്കിടക്കുന്ന മെറ്റലുകളിലൂടെ അമിതവേഗതയിൽ ടോറസുകൾ യാത്രചെയ്യുന്നത് കാൽനടക്കാരും എതിരെ വരുന്ന വാഹനങ്ങളും അപകടത്തിൽപ്പെടുന്നതിന് കാരണമാവുന്നു. അമിതഭാരം കയറ്റിയുള്ള ടോറസുകളുടെ ഈ റോഡിലൂടെയുള്ള യാത്ര കാരണമാണ് അടുത്തകാലത്തായി ആധുനിക രീതിയിൽ പണികഴിപ്പിച്ച റോഡ് ഇടിഞ്ഞുതാഴ്ന്ന് വീണ്ടും പുനർനിർമ്മാണം നടത്തേണ്ട അവസ്ഥയുണ്ടായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL