ആര്യനാട്: ആര്യനാട്-വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മീനാങ്കലിൽ മോഷണം തുടർക്കഥയായിട്ടും മോഷ്ടാവിനെ കണ്ടെത്താനാകാതെ പൊലീസ്. മീനാങ്കൽ പ്രദേശങ്ങളിൽ നിരവധി വീടുകളിലും ക്ഷേത്രങ്ങളിലുമായി ചെറുതും വലുതുമായ നിരവധി മോഷണങ്ങളാണ് ഇതിനോടകം നടന്നിട്ടുള്ളത്.ഇതുമായി ബന്ധപ്പെട്ട് ഇതേവരെ ആരേയും പിടികൂടിയിട്ടില്ല.
ഈ മാസം ആദ്യമാണ് സി.പി.ഐ സംസ്ഥാന നേതാവ് മീനാങ്കൽ കുമാറിന്റെ മീനാങ്കലിലെ കുടുംബവീടിന്റെ മുൻ വാതിൽ പൊളിച്ച് മോഷണം നടത്തിയത്.അലമാരയിൽ സൂക്ഷിച്ചിരുന്ന 13,500രൂപയും പ്രമാണങ്ങളും മോഷ്ടിച്ചു. ഈദിവസം തന്നെ മീനാങ്കലിലെ കരുംകാളീ ദേവീക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പൂട്ടും കാണിക്കവഞ്ചിയും തകർത്തിരുന്നു.
മോഷണപരമ്പര തുടരുന്നു...
പന്നിക്കുഴി ശ്രീനിവാസന്റെ വീട്ടിൽ നിന്നും അലമാരയിൽ സൂക്ഷിച്ചിരുന്ന 20,000രൂപ കവർന്നു.മീനാങ്കൽ പന്നിക്കുഴിയിൽ ബിജുവിന്റെ വീടിന്റെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന രണ്ട് പമ്പുകൾ, സുന്ദരേശന്റെ വീട്ടിൽ നിന്നും നൂറ് കിലോയോളം റബ്ബർ ഷീറ്റുകൾ, റിട്ട.ആർമി ഓഫീസറുടെ റബ്ബർ ഷീറ്റ് പുര കുത്തിത്തുറന്ന് ഷീറ്റുകൾ, മീനാങ്കൽ കളമാംകോട് കസ്തകരി അമ്മയുടെ ഷീറ്റ്പുര കുത്തിത്തുറന്ന് ഷീറ്റുകളും,പമ്പും, മീനാങ്കൽ കോളനിയിലെ നിരവധി വീടുകളിൽ നിന്നും ആളില്ലാത്ത സമയങ്ങളിൽ കുത്തിത്തുറന്ന് പണവും മോഷ്ടിച്ചിട്ടുണ്ട്.
ഈ പ്രദേശത്തെ ജനങ്ങളുടെ സൈരജീവിതം തകർക്കുന്ന മോഷ്ടാക്കളെ പിടികൂടാൻ അടിയന്തരമായി നടപടിയെടുക്കണമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം മീനാങ്കൽ കുമാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |