വെള്ളറട: ഹൃദ്രോഗിയായ വൃദ്ധനെ പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി. കീഴാറൂർ കുക്കറണി റോഡരികത്ത് വീട്ടിൽ ഭാസ്ക്കരൻനാടാരാണ് (71) മർദ്ദനത്തിനിരയായത്. വ്യാഴാഴ്ച രാത്രി കുക്കറണിയിൽ റോഡരികിൽ നിൽക്കവെ ആര്യങ്കോട് പൊലീസ് വാഹനത്തിലെത്തിയ ഉദ്യോഗസ്ഥർ കരണത്തും കാലിലും മർദ്ദിച്ചുവെന്നാണ് പരാതി. സ്ഥലത്തെത്തിയ മകൻ ഭാസ്ക്കരൻനാടാരെ പെരുങ്കടവിള സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.ഡി.ജി.പിക്ക് പരാതിയും നൽകി. പിതാവ് ഹൃദ്രോഗിയായതിനാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം വൈകിട്ട് നടക്കാനിറങ്ങിയതാണെന്നും മകൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് ആര്യങ്കോട് പൊലീസ് പറയുന്നത് : കുക്കറണി ജംഗ്ഷനിലെ കടയ്ക്ക് മുന്നിലിരുന്ന് ഒരുകൂട്ടം ആളുകൾ അസഭ്യം പറയുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നതായി സമീപവാസിയായ സ്ത്രീ പൊലീസ് കൺട്രോൺ റൂമിൽ വിളിച്ചറിയിച്ചു. ഇതിനെ തുടർന്ന് പട്രോളിംഗിലുണ്ടായിരുന്ന പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ കടവരാന്തയിലിരുന്നവർ ഓടി. ഭാസ്ക്കരൻ നാടാരും ഇതിനിടയിൽ ഓടിയിരുന്നു. ഇയാളും സംഘത്തിലുള്ളതാണെന്ന് സ്ത്രീ പരാതിപ്പെട്ടു. തുടർന്നാണ് താക്കീത് ചെയ്ത് പറഞ്ഞുവിട്ടത്. സ്ത്രീയുടെ പരാതിയെത്തുടർന്ന് ഭാസ്ക്കരൻനാടാർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തതായും ആര്യങ്കോട് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |