
വിഴിഞ്ഞം: വെള്ളായണി കായലിന്റെ കാക്കാമൂല ഭാഗത്ത് തീപിടിത്തം.വെള്ളത്തിനുമുകളിൽ പടർന്നുകിടന്നിരുന്ന പായലുകളിലാണ് തീപിടിത്തമുണ്ടായത്.വെള്ളത്തിന് മുകളിലെ തീപിടിത്തം കൗതുകമായി.
വിഴിഞ്ഞത്ത് നിന്ന് ഫയർഫോഴ്സും നേമം പൊലീസും സ്ഥലത്തെത്തി സുരക്ഷാനടപടികളെടുത്തു. ഉച്ചയ്ക്ക് 12ഓടെ തുടങ്ങിയ തീപിടിത്തം രണ്ട് മണിക്കൂറോളം നീണ്ടുനിന്നു.
കായലിന്റെ ഒന്നര ഏക്കറോളം ഭാഗത്തെ ആഫ്രിക്കൻ പായലും പുൽച്ചെടികളും കത്തിത്തീർന്നു.പുല്ലിന് ആരെങ്കിലും തീയിട്ടതാകാമെന്ന് നാട്ടുകാർ പറയുന്നു.
വെള്ളത്തിന് മുകളിലായതിനാൽ ഫയർഫോഴ്സ് ഉൾപ്പെടെയുള്ളവർക്ക് തീപടർന്ന് പിടിക്കുന്നതിന് സമീപമെത്തി നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടായി. തീപിടിത്തം കണ്ട നാട്ടുകാർ ഓടിയെത്തി ഹോസ് ഉപയോഗിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.തുടർന്നാണ് പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചത്. തീപിടിത്തത്തിൽ പരിസരമാകെ പുക നിറഞ്ഞിരുന്നു.
ക്യാപ്ഷൻ: വെള്ളായണി കായലിലെ പായലുകളിൽ തീ പിടിച്ചപ്പോൾ നാട്ടുകാരിലൊരാൾ തീ നിയന്ത്രിക്കാൻ ശ്രമിക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |