
പാലോട്: ഗ്രാമീണ മേഖലയിൽ തെരുവുനായ ശല്യവും മാലിന്യപ്രശ്നങ്ങളും ജനജീവിതത്തിന് ഭീഷണിയാകുന്നു. പഞ്ചായത്തുകൾ അരലക്ഷം രൂപയോളം ചെലവഴിച്ച് സ്ഥാപിച്ച മിനി എം.സി.എഫ് യൂണിറ്റുകൾ നിറഞ്ഞുകവിഞ്ഞ നിലയിലാണ്. നിലവിൽ എല്ലാ എം.സി.എഫ് യൂണിറ്റുകളുടെയും പരിസരങ്ങൾ മുഴുവൻ മാലിന്യക്കൂമ്പാരങ്ങളാണ്.
പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് ജംഗ്ഷൻ മുതൽ മൈലമൂട് വരെ മാലിന്യക്കൂമ്പാരമാണ്. സ്ട്രീറ്റ് ലൈറ്റ് കത്താത്തത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. നിരവധി പ്രാവശ്യം മാലിന്യം തള്ളാനെത്തിയവരെയും മാലിന്യം എത്തിച്ച വാഹനങ്ങളെയും പിടിച്ചെടുത്തെങ്കിലും പിഴ ചുമത്തി വിടുകയാണ് പതിവ്. യാതൊരു പരിശോധനയും കൂടാതെ അധികൃതർ ലൈസൻസ് നൽകുന്ന മാലിന്യസംസ്‌കരണ സംവിധാനമില്ലാത്ത അറവുശാലകളിൽ നിന്നും പൗൾട്രി ഫാമുകളിൽ നിന്നും അർദ്ധരാത്രിയോടെ വാഹനങ്ങളിൽ മാലിന്യം ചാക്കിലാക്കി കൊണ്ടിടുകയാണെന്നാണ് നാട്ടുകാരുടെ പരാതി. നന്ദിയോട്, പാങ്ങോട് പഞ്ചായത്തുകളുടെ പരിധിയിലുള്ള സ്ഥാപനങ്ങളാണ് കൂടുതലായും ഇവിടെ മാലിന്യം തള്ളുന്നത്.
കൈത്തോടുകളിൽ മാലിന്യം
പൊതുജനങ്ങൾ കുളിക്കാനും മറ്റും ഉപയോഗിക്കുന്ന കൈത്തോടുകളിൽ മാലിന്യം നിറയുന്നു. വാമനപുരം നദിയിലേക്കെത്തുന്ന പച്ച മുടുമ്പ്-പാലോട്, ആലംപാറ-ഇരപ്പ് കൈത്തോടുകൾക്കാണീ ഈ ദുർഗതി. വീടുകളിൽ നിന്ന് മാലിന്യവും മറ്റ് ഉപയോഗശൂന്യമായ മറ്റുവസ്തുക്കളും ഉപേക്ഷിക്കുന്നതിനുള്ള ഇടമായി തോടുകൾ മാറിയിട്ടുണ്ട്. നന്ദിയോട്ടെ മാലിന്യം നിറഞ്ഞ ഓടകൾ നിറഞ്ഞൊഴുകിയെത്തുന്നത് ആലംപാറ തോട്ടിലാണ്. വീടുകളിലേയും ചില ഹോട്ടലുകളിലേയും കക്കൂസ് മാലിന്യം ഉൾപ്പെടെ ജലാശയത്തിൽ എത്തുന്നുണ്ട്. വിളവീട്,ആലംപാറ, തോട്ടുമുക്ക്,ഊളൻകുന്ന്,മുത്തുകാവ് തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളുടെ ആശ്രയമായ കൊച്ചുതാന്നിമൂട് ഇരപ്പിൽ നിന്നും ആരംഭിക്കുന്ന നീരുറവ എത്തിച്ചേരുന്നതും ആലംപാറ തോട്ടിലാണ്. ഈ ചെറുതോടുകൾ എത്തിച്ചേരുന്നത് വാമനപുരം നദിയിലെ മീൻമുട്ടിയിലും. ഇവിടുന്ന് പനവൂർ,കല്ലറ തുടങ്ങിയ പഞ്ചായത്തുകളിലെ കുടിവെള്ള സംഭരണികളിലാണ് മലിനജലം എത്തുന്നത്.
തെരുവ് കൈയടക്കി നായ്ക്കൂട്ടം
നന്ദിയോട്,പെരിങ്ങമ്മല പഞ്ചായത്തുകളിലെ പ്രധാന ജംഗ്ഷനുകളിൽ തെരുവുനായ്ക്കൂട്ടം ശല്യമാകുന്നു. പാലോട് ആശുപത്രി ജംഗ്ഷനിൽ അലഞ്ഞുതിരിയുന്ന നായ്ക്കൾ വാഹന യാത്രക്കാർക്കുൾപ്പെടെ ഭീഷണിയാണ്. പെരിങ്ങമ്മല ജംഗ്ഷൻ,ആശുപത്രി കോമ്പൗണ്ട്,കുശവൂർ,തെന്നൂർ,കോളേജ് ജംഗ്ഷൻ,പാലോട് ആശുപത്രി ജംഗ്ഷൻ,നന്ദിയോട് മാർക്കറ്റ് ജംഗ്ഷൻ,പച്ച ശാസ്താക്ഷേത്ര പരിസരം,ഓട്ടുപാലം,പച്ച,കാലൻകാവ്,പൊട്ടൻചിറ,വട്ടപ്പൻകാട്,ആലുംമ്മൂട് എന്നിവിടങ്ങളിലാണ് തെരുവുനായ ശല്യമുള്ളത്.
അപകടവും ആക്രമണവും
രാത്രിയായാൽ നായ്ക്കൂട്ടം കൂടുതൽ ആക്രമണകാരികളാകുന്നതിനാൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്.മാലിന്യം ഭക്ഷിക്കാനെത്തുന്ന നായ്ക്കളുടെ ശല്യവും നിയന്ത്രിക്കാനാകാത്തതാണ്.വളർത്തുമൃഗങ്ങളെയും ഇവ ആക്രമിക്കും. നഗരത്തിൽ നിന്നു പിടികൂടിയ നായ്ക്കളെ ഗ്രാമീണ ജനവാസ മേഖലയിൽ കൊണ്ടുതള്ളുന്നതായും ആക്ഷേപമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |