തിരുവനന്തപുരം: അടുത്ത ഒരാഴ്ചക്കാലം അനന്തപുരിയുടെ സന്ധ്യകളിൽ ചിലങ്കകൾ കിലുങ്ങും. ടൂറിസം വകുപ്പിന്റെ 2025ലെ നിശാഗന്ധി നൃത്തോത്സവത്തിന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ അരങ്ങുണർന്നു. നൃത്തോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. വൈവിദ്ധ്യങ്ങളുടെ ആഘോഷത്തിനും സ്വതന്ത്രമായ ആവിഷ്കാരത്തിനും സർക്കാർ വേദിയൊരുക്കുന്നു. കല പരിപോഷിപ്പിക്കുന്നത് നന്മയും മനുഷ്യമനസിന്റെ ആർദ്രതയുമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നൃത്തരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്‌കാരം കഥക് കലാകാരൻ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിക്ക് മന്ത്രി നൽകി. ഒന്നരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജയ്പൂർ ഘരാനയിൽ പരിശീലനം നേടിയ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനി കഥക് അവതരണത്തിലെ നൂതന ശൈലിയിലൂടെ ശ്രദ്ധേയനായ കലാകാരനാണ്. ചടങ്ങിൽ എ.എ.റഹിം എം.പി അദ്ധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ,ടൂറിസം അഡി. ഡയറക്ടർ ജനറൽ വിഷ്ണുരാജ്,നർത്തകി രാജശ്രീ വാര്യർ എന്നിവർ പങ്കെടുത്തു.
കഥകളി മേളം...
നൃത്തോത്സവത്തോടനുബന്ധിച്ച് ഏഴുദിവസം നീണ്ടുനിൽക്കുന്ന നിശാഗന്ധി കഥകളിമേള ദിവസവും വൈകിട്ട് 5.30ന് കനകക്കുന്ന് വേദിയിൽ നടക്കും. ഉദ്ഘാടനചടങ്ങിനു ശേഷം പാർശ്വനാഥ് എസ്. ഉപാധ്യായ,ആദിത്യ.പി.വി എന്നിവരുടെ ഭരതനാട്യവും പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയും സംഘവും അവതരിപ്പിച്ച കഥകും അരങ്ങേറി. 20വരെയാണ് നൃത്തോത്സവം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൃത്തരംഗത്തെ കലാകാരന്മാർ നൃത്തോത്സവത്തിന്റെ ഭാഗമാകും. പ്രവേശനം സൗജന്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |